വെള്ളറട: മലയോരത്ത് വാഹനപരിശോധന മുറപോലെ നടക്കുമ്പോഴും ഇരുചക്രവാഹന അപകടങ്ങൾ പെരുകുകയാണ്. അധികൃതർ ശക്തമായ വാഹനപരിശോധനകൾ നടത്തുമ്പോഴും ഇരുചക്രവാഹന അപകടങ്ങളും അപകട മരണങ്ങളും മുറപോലെ നടക്കുകയാണ്. വെള്ളറട, ആര്യങ്കോട് സ്റ്റേഷൻ പരിധിയിൽ ദിവസവും കുറഞ്ഞത് ഒരു അപകടക്കേസെങ്കിലും രജിസ്റ്റർ ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസത്തിൽ വലുതും ചെറുതുമായ അഞ്ച് അപകടമെങ്കിലും നടക്കാറുണ്ട്. ഏറെയും ഇരു ചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. അതിൽ ഏറെയും വിദ്യാർത്ഥികളായതിനാൽ ലൈസൻസും ഇല്ലാത്തവരാണ്. അതുകൊണ്ട്തന്നെ പലർക്കും അപകടത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷപോലും കിട്ടാറില്ല. ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ലൈസൻസിനോടൊപ്പം കാര്യമായ ബോധവത്കരണവും നൽകിയാൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും. പൊലീസിന്റെ വാഹന പരിശോധന കാര്യക്ഷമമാണെങ്കിലും ചെറു വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കൽ വളരെ കുറവാണ്.
റോഡ് തകർന്നുകിടക്കുന്നതിനാൽ അതിലെ കുണ്ടും കുഴിയിലും വീണ് നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. മഴ ശക്തമായതോടെ ഗ്രാമത്തിലെ ഇടറോഡുകളെല്ലാം തകർന്ന നിലയിലാണ്. കുണ്ടും കുഴിയിലും അമിത വേഗത്തിലുള്ള മരണപ്പാച്ചിലും മത്സര ഓട്ടവും കൂടിയാകുമ്പോൾ അപകടങ്ങൾ നിത്യമാകും.
മത്സര ഓട്ടം മുറുകുമ്പോൾ ആഡംബര ബൈക്കുകളുടെ അടിഭാഗത്തെ സ്റ്റാൻഡ് റോഡിൽ ഉരസി തീപ്പൊരി പാറിക്കുന്നതാണ് ഇവരുടെ മറ്റൊരു വിനോദം. അമിതവേഗത്തിൽ മൂന്നും നാലും പേരും കയറിയാണ് റോഡിലൂടെയുള്ള ഇവരുടെ അഭ്യാസം. അതുകാരാണം മിക്കപ്പോഴും ചികിത്സാസഹായങ്ങളും കിട്ടാറില്ല.
യുവാക്കളുടെ അമിത ആവേശം കാരണം അപകടം സംഭവിച്ച് സാരമായ പരിക്ക് പറ്റിയാൽ പോലും നാട്ടുകാർ തിരിഞ്ഞുനോക്കാറില്ല. ഇത്തരം വിനോദത്തിനിടെ കാൽനടയാത്രക്കാർ വരെ അപകടത്തിൽ പെടുന്നതിനാൽ അപകടം പറ്റിക്കിടന്നാൽ നാട്ടുകാർ അടുത്തേക്ക് പോകാൻ തന്നെ മടിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുളള സംവിധാനങ്ങളില്ലാത്തതും മദ്യപിച്ച് വാഹനം ഒടിക്കുന്നവർക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം. ബൈക്കിൽ അഭ്യാസം നടത്തുന്നവരിൽ ഏറെയും ഹെൽമറ്റ് ധരിക്കാൻ വിസമ്മതിക്കുന്നതും അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. വാഹന പരിശോധനയ്ക്ക് പുറമെ സുരക്ഷയുള്ള വാഹന ഉപയോഗത്തെ കുറിച്ചും ഹെൽമറ്റിന്റെ ഉപയോഗത്തെക്കുറിച്ചും കൂടുതൽ അവബോധം വരുത്താൻ അധികതരുടെ ഭാഗത്തുനിന്നും നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.