വർക്കല: അടിസ്ഥാനസൗകര്യങ്ങളും വികസനവുമില്ലാതെ അകത്തുമുറി റെയിൽവേ സ്റ്റേഷൻ അവഗണന നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും റെയിൽവേ അധികൃതർക്ക് നേരിട്ടും നിവേദനങ്ങൾ വഴിയും ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ല.
ട്രെയിൻ വരുന്ന സമയങ്ങളിൽ മാത്രമേ ടിക്കറ്റ് നൽകാൻ കരാറുകാരൻ എത്താറുളേളു. മറ്റുള്ള അവസരങ്ങളിൽ റെയിൽവേയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഇവിടെയില്ല. പകൽ നേരത്തും രാത്രികാലങ്ങളിലും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും സങ്കേതമാണിവിടം. സന്ധ്യാസമയങ്ങളിൽ ഇവിടെ ട്രെയിനിറങ്ങുന്ന സ്ത്രീകളടക്കമുളള യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല. സ്റ്റേഷൻ പരിസരം കാടുകയറി കിടക്കുകയാണ്. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിന്റെ നീളവും ഉയരവും വർദ്ധിപ്പിക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. പലപ്പോഴും പ്ലാറ്റ്ഫോമിന് വെളിയിലായി നിൽക്കുന്ന ബോഗികളിൽ കയറിപ്പറ്റാൻ യാത്രക്കാർ പ്പെടുന്നപാട് ചില്ലറയല്ല. പ്രത്യേകിച്ച് പ്രായാധിക്യമുള്ളവർ. സ്റ്റേഷൻ കോമ്പൗണ്ട് സിമന്റ് വേലിയോ മതിലോ ഒന്നുമില്ലാതെ ആകെ തുറന്നുകിടക്കുകയാണ്.
റെയിൽവേ ഇൻസ്പെക്ഷന്റെ ഭാഗമായി വർഷാവർഷം സ്റ്റേഷൻ കെട്ടിടം ചായം പൂശുന്നതല്ലാതെ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് യാതൊരു നടപടികളും ഉണ്ടാകാറില്ല.