r

വെഞ്ഞാറമൂട് : പ്രളയബാധിതർക്ക്‌ കൈത്താങ്ങായി വെഞ്ഞാറമൂട് ജനമൈത്രി പൊലീസും വിവിധ സംഘടനകളും ചേർന്ന് സമാഹരിച്ച ഒരു ലോഡ് ആവശ്യസാധനങ്ങൾ ദുരന്തത്തിന്റെ രൂക്ഷത ഏറെ അനുഭവിച്ച മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി ഗ്രാമപഞ്ചായത്ത് മുണ്ടേക്കടവ് കോളനി നിവാസികൾ കഴിയുന്ന പുള്ളിയിൽ യു.പി സ്കൂളിൽ എത്തിച്ചു. ഇവിടുള്ള 63 ഓളം കുടുംബങ്ങൾക്കായി മന്ത്രി എ.കെ. ബാലൻ, പി.വി. അൻവർ എം.എൽ.എ, ജില്ലാ കളക്ടർ, കരുളായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ ബി. ജയൻ, സബ് ഇൻസ്‌പെക്ടർ കെ.വി. ബിനീഷ് ലാൽ, ജനമൈത്രി കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവരുടെ നെത്ര്വത്വത്തിൽ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കളക്ഷൻ സെന്റർ വഴി ശേഖരിച്ച സാധനങ്ങൾ പോലീസുകാർ തന്നെ തിരുവനന്തപുരം റൂറൽ എസ്.പി. മധു വിന്റെ നിർദേശപ്രകാരം നിലമ്പൂരിലെ ക്യാമ്പിൽ എത്തിക്കുകയായിരുന്നു. ഭക്ഷ്യസാധനങ്ങൾ, ധാന്യങ്ങൾ, തുണിത്തരങ്ങൾ, ചെരുപ്പുകൾ ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആവശ്യസാധനങ്ങളാണ് ക്യാമ്പിൽ എത്തിച്ചത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേന്ദ്രന്റെ നെത്ര്വത്വത്തിൽ സി.പി.ഒമാരായ ജയകുമാർ, മഹേഷ്‌, സജി, അഭിനേഷ്, ജനമൈത്രി കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.