തിരുവനന്തപുരം: ഒരു ദിവസം ഭരണം തന്നാൽ കെ.എസ്.ആർ.ടി.സിയെ നന്നാക്കുമെന്ന് വീമ്പിളക്കിയ ഇടതു നേതാക്കൾ അധികാരത്തിലെത്തി മൂന്നുവർഷം പിന്നിടുമ്പോൾ കോർപറേഷൻ നാശത്തിന്റെ വക്കിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി ദ്രോഹനടപടികൾക്കെതിരെ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവികാരം ഉൾക്കൊണ്ട് പ്രവർത്തിച്ച യു.ഡി.എഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ കടം 2130 കോടിയായിരുന്നു. ഇപ്പോൾ കടം 4320 കോടിയായതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തെറ്റുതിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ, ആർ. ശശിധരൻ, ആർ. അയ്യപ്പൻ, സണ്ണിതോമസ്, പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു.