general

ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച സാഭിമാനം പരിപാടി സഹജീവി സ്നേഹത്തിന്റെ വേറിട്ട അനുഭവമായി. ആക്രികച്ചവടക്കാരനെയും കർഷകനെയും വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെയും ഒരേവേദിയിൽ ആദരിച്ചാണ് ബ്ലോക്ക് മെമ്പർ സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്. ജാതി-മത-വർഗഭേദമന്യേയുള്ള മതേതര ഇന്ത്യയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. കർഷകൻ,​ ജ്യോതിഷി,​ പത്രവിതരണക്കാരൻ,​ കിണർ കുത്തുന്നയാൾ, മണൽചിത്രമൊരുക്കുന്നവൻ,​​ വേദികളിൽ ശബ്ദവും വെളിച്ചവും എത്തിക്കുന്നയാൾ,​ തെങ്ങുകയറ്റത്തൊഴിലാളി,​ മൊബൈൽ പഞ്ചർ തൊഴിലാളി,​ ഡ്യൂട്ടിക്കിടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ,​ പള്ളിച്ചൽ പഞ്ചായത്ത് പ്രഥമവനിതാ മെമ്പർ​ തുടങ്ങിയവരെയും കലാ -കായിക - സാംസ്കാരിക വ്യക്തിത്വങ്ങളെയും ഐ.എ.എസ് ഉദ്യോഗസ്ഥയെയും ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പൂങ്കോട് ഡിവിഷനിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു. ആറ്റിങ്ങൽ എം.പി അടൂർപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ചു. തിക്കുറിശ്ശി ഗംഗാധരനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. അടൂർ പ്രകാശ് എം.പിക്കും,​ എം.എൽ.എമാരായ അഡ്വ.എം.വിൻസെന്റിനും അഡ്വ.ഐ.ബി.സതീഷിനും ആർട്ടിസ്റ്റ് ഷിബു തയ്യാറാക്കിയ മണൽരേഖാച്ചിത്രങ്ങൾ സ്നേഹോപഹാരമായി നൽകി. പള്ളിച്ചൽ പഞ്ചായത്തിലെ ആദ്യ വനിതാ അംഗമായ ലളിതാദേവിയെയും മികച്ചസന്നദ്ധപ്രവർത്തനങ്ങൾക്ക് ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസിനെയും ആദരിച്ചു. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ ശേഖരിച്ച വസ്ത്രവും അവശ്യസാധനങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരിക്ക് കൈമാറി. പൂങ്കോട് ഡിവിഷൻ മെമ്പർ എസ്.വീരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​ ജില്ലാ പഞ്ചായത്ത് മെമ്പർ വി. ലതകുമാരി,​ കെ.പി.സി.സി മെമ്പർ ബി.എൻ. ശ്യാംകുമാർ,​ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. എം.മണികണ്ഠൻ,​ വണ്ടന്നൂർ സന്തോഷ്,​ ഭഗവതിനട ശിവകുമാർ,​ ബാലരാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ മെമ്പർ പ്രമീള തുടങ്ങി നിരവധി പേർ പങ്കെടുത്തു.