sreeram-venkitaraman

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. സംഭവം നടന്ന് 17 ദിവസം പിന്നിട്ടപ്പോഴാണ് ശ്രീറാമിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. അതേസമയം രണ്ടാം പ്രതി വഫ ഫിറോസിനെതിരെ നടപടി എടുത്തിട്ടില്ല.

അപകടം നടന്നയുടൻ ശ്രീറാമിന്റെയും ഒപ്പമുണ്ടായിരുന്ന വഫയുടെയും ലൈസൻസ് റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർ.ടി.ഒ അറിയിച്ചിരുന്നു. ശ്രീറാമിനൊപ്പം സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്ത് ഹരി ആർ.ടി.ഒ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും, മറുപടി നൽകാൻ രണ്ടാഴ്‌ച നൽകിയതാണ് നടപടിയെടുക്കാൻ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നൽകിയ വിശദീകരണം. നടപടി വൈകിപ്പിക്കാൻ നടക്കുന്ന ഒത്തുകളി മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ വീഴ്‌ച അന്വേഷിക്കാൻ ഗതാഗത സെക്രട്ടറിയെ മന്ത്രി എ.കെ. ശശീന്ദ്രൻ ചുമതലപ്പെടുത്തി. കൂടാതെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത് ഉത്തരവുമിറക്കി.

ലൈസൻസ് അടിയന്തരമായി തിരുവനന്തപുരം ലൈസൻസിംഗ് അതോറിട്ടിക്കോ മട്ടാഞ്ചേരി ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കോ സമർപ്പിക്കണമെന്നുള്ള നോട്ടീസ് കൊച്ചി പനമ്പളി നഗറിലെ ശ്രീറാമിന്റെ വിലാസത്തിലേക്കയച്ചിരുന്നു. എന്നാൽ ഇതുവരെ ശ്രീറാം മറുപടി നൽകിയിട്ടില്ലെന്നും അതിനാൽ ലൈസൻസ് 2020 ആഗസ്റ്റ് 18 വരെ അയോഗ്യമാക്കുകയാണെന്നുമാണ് ഉത്തരവിലുള്ളത്.

അതേസമയം വഫയോ ബന്ധുക്കളോ ആർ.ടി.ഒയുടെ നോട്ടീസ് കൈപ്പറ്റിയി​ല്ലെന്ന ന്യായമാണ് ഇവർക്കെതിരായ നടപടി വൈകുന്നതിൽ മോട്ടോർ വാഹന വകുപ്പ് പറയുന്ന ന്യായം. ഒന്നര ആഴ്‌ച മുമ്പ് പട്ടത്തെ വഫയുടെ വീട്ടിൽ സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നോട്ടീസ് പതിച്ചിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സൺഫിലിം ഒട്ടിച്ചതിനും വഫയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ വഫ പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. നിയമലംഘനങ്ങളും ബഷീറിന്റെ കേസുമുൾപ്പെടെ വഫയ്ക്ക് പുതിയ നോട്ടീസ് നൽകുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. പഴയ നോട്ടീസിന്റെ തുടർനടപടി നടത്താനാണ് പുതിയ തീരുമാനം.

ആറ്റിങ്ങൽ ആർ.ടി ഓഫീസിൽ നിന്നാണ് വഫ ലൈസൻസെടുത്തത്.