kseb

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് സാലറി ചലഞ്ച് വഴി കെ.എസ്.ഇ.ബി പിരിച്ച 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് വിവാദമായി.

2018 സെപ്തംബർ മുതൽ ജൂൺ വരെയാണ് തുക പിരിച്ചത്. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് 10.23 കോടി രൂപ മാത്രമാണ് കൈമാറിയത്. അതത് മാസം പിരിച്ച പണം കൈമാറിയില്ല. പകരം പണം ഒരുമിച്ച് നൽകാനായിരുന്നു തീരുമാനമെന്നാണ് ബോർ‌ഡ് പറയുന്നത്. ഇക്കാര്യം വകുപ്പ് മന്ത്രി എം.എം.മണിയെ അറിയിച്ചെന്നും വിവാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കെ.എസ്.ഇ.ബി വാർത്താകുറിപ്പിൽ അറിയിച്ചു.

50 കോടി രൂപ മുൻകൂറായി ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി നൽകിയ ശേഷമാണ് സാലറി ചലഞ്ച് എന്ന ആശയം വന്നത്. അതനുസരിച്ച് ഒരു മാസ വേതനം 10 മാസത്തെ ഗഡുക്കളായി ജീവനക്കാർ നൽകണമെന്ന് തീരുമാനിച്ചു. തുക മുഴുവൻ പിരിഞ്ഞുകിട്ടിയത് കഴിഞ്ഞ ജൂലായിലാണ്. ഇത് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് ചെക്ക് തയ്യാറാക്കൻ ആഗസ്റ്റ് 16ന് ചെയർമാൻ ഉത്തരവിട്ടിരുന്നെന്നും കുറിപ്പിൽ പറയുന്നു.

ഇത്തവണ ഒരു ദിവസത്തെ വേതനം

സാലറി ചലഞ്ച് സംബന്ധിച്ച വിവാദം ഇന്നലെ വൈദ്യുതിഭവനിൽ മന്ത്രി എം.എം.മണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചർച്ച ചെയ്തു. സംഘടനാ നേതാക്കൾ ബോർഡിന്റെ തീരുമാനത്തെ അനുകൂലിച്ചു. ഈ വർഷം മഴക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് നൽകാനും തീരുമാനിച്ചു.