നെടുമങ്ങാട്: ആനാട്, നന്ദിയോട് പഞ്ചായത്തുകളിലെ കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ശുദ്ധജലത്തിനായി ഇനിയും കാത്തിരിക്കണം. മൂന്ന് കൊല്ലം മുൻപ് ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.ഒന്നര വർഷമായി അനിശ്ചിതത്വത്തിലായിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 16 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ജല അതോറിട്ടി പ്രോജക്ട് വിഭാഗം ഇപ്പോഴും ഉറക്കത്തിലാണ്.ടെണ്ടർ നടപടികളിൽ കുരുങ്ങിയ കുടിവെള്ള പദ്ധതി അടുത്തെങ്ങും പൂർത്തിയാവുമെന്ന പ്രതീക്ഷ ആർക്കുമില്ല.മൂന്ന് വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പദ്ധതിക്ക് ഇതേവരെ പതിനഞ്ച് കോടി രൂപ ചെലവിട്ടിട്ടുണ്ട്. രണ്ടാഘംട്ടം പൂർത്തിയാക്കാനുള്ള ഭൂമി ലഭ്യമാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്തുണ്ടായ അലംഭാവം നേരത്തെ വിവാദമായിരുന്നു. നന്ദിയോട്, ആനാട് ഗ്രാമപഞ്ചായത്തുകൾ മുൻകൈ എടുത്ത് ഭൂമി ലഭ്യമാക്കൽ നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും സാമ്പത്തിക പ്രതിസന്ധിയായി. അഡ്വ.ഡി.കെ മുരളി എം.എൽ.എ ഇടപെട്ടാണ് രണ്ടാംഘട്ട ജോലികൾക്കായി 16 കോടി രൂപ അനുവദിച്ചത്. തുക ലഭിച്ച പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് പാഴായത്.