പാലോട് : മടത്തറ പുന്നമൻ വയൽ വനത്തിൽ കൂറ്റൻ പാറ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാത്രി 9 മണിയോടു കൂടിയായിരുന്നു സംഭവം. പാറ പൊട്ടിത്തെറിച്ച ഉഗ്രശബ്ദം കേട്ട നാട്ടുകാർ ഉരുൾപൊട്ടി എന്ന ഭീതിയിൽ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. പുലർച്ചയോടെ കാരണം അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് കൂറ്റൻ പാറ പൊട്ടി ചിതറി സമീപത്തായി കിടക്കുന്നതാണ്. പാറച്ചീളുകൾ മരങ്ങളിൽ തറച്ച നിലയിലായിരുന്നു. വിറകിനും മറ്റുമായി പരിസരവാസികൾ സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലമാണ് ഈ പ്രേദേശം. പാറ എങ്ങനെ പൊട്ടിത്തെറിച്ചെന്ന് ഇപ്പോഴും ആർക്കും മനസിലായിട്ടില്ല. ഇത് കാരണം ഇവിടെ താമസിക്കുന്നവർ ഭീതിയിലാണ്. അധികാരികൾ അടിയന്തരമായി പാറ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.