ഇതുവരെ പരിചിതമല്ലാതിരുന്ന ചില വാക്കുകൾ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കലിതുള്ളി വരുന്ന മഴയും അതിനൊപ്പമെത്തുന്ന ദുരന്തങ്ങളും തകർത്തെറിയുന്നത് പതിറ്റാണ്ടുകളുടെ ശ്രമഫലമായുണ്ടായ വീടുകളും റോഡുകളും ആവാസവ്യവസ്ഥ തന്നെയുമാണ്. ഇവ പുനർനിർമ്മിക്കേണ്ടതായുണ്ട്. ഒരു ഗ്രാമം തന്നെ ഇല്ലാതാകുമ്പോൾ ഒരു സംസ്കാരത്തിന്റെ സുപ്രധാനമായ കണ്ണി കൂടിയാണ് ഒലിച്ചുപോകുന്നത്. അതിനാൽ പുനർനിർമ്മാണം അതിന്റെ തനതായ അർത്ഥത്തിൽ ദുഷ്കരമാകും എന്ന് തീർച്ച. എങ്കിലും പുനർനിർമ്മാണ പ്രക്രിയയിൽ ഭാവനാപൂർണമായ മാതൃകകൾ എഴുതിച്ചേർക്കാൻ നമുക്ക് കഴിയണം.
കുറഞ്ഞ നിർമ്മാണ സമയവും കൂടിയ ആയുസുമുള്ള പ്ളാസ്റ്റിക് റോഡുകളും പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാത്ത ലാറി ബേക്കർ മാതൃകയിലുള്ള വീടുകളും വെള്ളപ്പൊക്കഭീഷണി ഉള്ളിടങ്ങളിൽ ഫെറോസ്മെന്റ് ടെക്നോളജിയും കുന്നിൻ പ്രദേശങ്ങളിൽ ബോർഡർ നെറ്റിംഗും ഷോട്ട് ക്രെറ്റിംഗും എല്ലാം പുനർനിർമ്മാണ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന മാതൃകകളായിരിക്കും. ഒപ്പം പുഴകളെ വീണ്ടെടുത്ത് കൂടുതൽ വെള്ളം ഉൾക്കൊള്ളാനും തടസമില്ലാതെ ഒഴുകാനും പ്രാപ്തിയുള്ള 44 നദികൾ കേരളത്തിൽ പുനഃസൃഷ്ടിക്കണം. നാമിപ്പോൾത്തന്നെ ആധാരമാക്കിയിരിക്കുന്ന ഡച്ച് മാതൃക ക്രിയാത്മകമായി നടപ്പിൽ വരട്ടെ.
പുനർനിർമ്മാണത്തിന്റെ വഴിയേ നടക്കുമ്പോഴും നാം ഏറ്റെടുക്കേണ്ട മറ്റൊരു വെല്ലുവിളി പുനഃസംഘടന എന്നതു കൂടിയാകണം. ഭൂമിയുടെ ഭൂവിനിയോഗത്തിന്റെ, വിളയിറക്കലിന്റെ പുനഃസംഘടന അനിവാര്യമായിരിക്കുകയാണ്. കേവലം 14 പതിറ്റാണ്ടുകൾകൊണ്ട് ആറ് ലക്ഷം ഹെക്ടർ നെൽവയൽ കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി എന്ന തിരിച്ചറിവിൽ നിന്നുകൂടി വേണം ഭൂവിനിയോഗ പുനഃസംഘടന രൂപപ്പെടുത്താൻ.
ഭൂമി പൊതുസ്വത്താണ് എന്ന തിരിച്ചറിവോടെ ഓരോ പഞ്ചായത്തിലേയും ഏതെല്ലാം വിഭാഗം ഭൂമിയിൽ എന്തെല്ലാം ചെയ്യാനാകും എന്ന് ദീർഘകാലാടിസ്ഥാനത്തിൽ ഒരു മാസ്റ്റർ പ്ളാൻ തയാറാക്കണം. സമൂലമായൊരു തിരിച്ചുപോക്ക് സാധ്യമല്ലെങ്കിലും വയൽ വയലായും വനം വനമായും പാറക്കെട്ടുകൾ അങ്ങനെ തന്നെയും നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അനധികൃതമായോ അല്ലാതെയോ പ്രവർത്തിക്കുന്ന ക്വാറികളും പശ്ചിമഘട്ടത്തിന്റെ കരുത്തു ചോർത്തുന്ന കാർഷിക പ്രവർത്തനങ്ങളും അപകടം ക്ഷണിച്ചുവരുത്തും എന്നതിനാൽ ഭൂവിനിയോഗത്തിൽ അടിയന്തര പുനഃസംഘടന ഉണ്ടായേ പറ്റൂ. ചതുപ്പും വയലും നികത്തി നിർമ്മാണം നടത്തുന്ന പ്രദേശങ്ങളിലേക്ക് മഴവെള്ളം പരന്നൊഴുകുമെന്ന കൺമുന്നിലെ പാഠങ്ങളിൽ നിന്ന് ലാഭാധിഷ്ഠിത ഭൂവിനിയോഗം ഒഴിവാക്കി അതിജീവനാധിഷ്ഠിത ഭൂവിനിയോഗത്തിലേക്ക് പുനഃസംഘടനയുടെ ദിശ മാറട്ടെ. ഇത്തരമൊരു പരിസ്ഥിതി സൗഹൃദ തിരിച്ചുപോക്ക് സ്വാഭാവികമായി നടക്കാത്തിടത്തോളം കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേ പറ്റൂ.
''എന്റെ മണ്ണ് എന്തും ചെയ്യാം" എന്ന ചിന്തയിൽ നിന്നും രൂപംകൊള്ളുന്ന വലിയ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭൂവിനിയോഗത്തിന്റെയും വിഭവവിനിയോഗത്തിന്റെയും കാര്യത്തിൽ ശാസ്ത്രീയമായൊരു പുനഃസംഘടനയ്ക്ക് സമയം അതിക്രമിച്ചിരിക്കുന്നു. ചുരുക്കത്തിൽ, പൊടിപിടിച്ചു കിടക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്നതിനപ്പുറം മികച്ചൊരു പുനഃസംഘടനയില്ലെന്ന് കൂടി ഈ വൈകിയ വേളയിലെങ്കിലും കേരളം തിരിച്ചറിയണം.
ലേഖകൻ കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറാണ്.