psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് ഇപ്പോൾ പ്രതിചേർക്കപ്പെട്ടവരിൽ മാത്രം ഒതുക്കി തീർക്കാൻ നീക്കം. ചോദ്യം ചോർത്തിയതും ഇവർതന്നെയാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് സംഘം എത്തിച്ചേർന്നതായാണ് സൂചന. നേരത്തെ പി.എസ്.പി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ യൂണികോളേജിൽ നിന്നാണ് ചോദ്യ പേപ്പർ ചോർന്നതാണെന്നാണ് വിലയിരുത്തിയത്. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, അന്വേഷണം ആ വഴിക്കൊന്നും നീളില്ലെന്നാണ് ലഭിക്കുന്ന സൂചന. ജയലിൽ കഴിയുന്ന ശിവരഞ്ജിത്ത്, നസീം എന്നിവരെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെങ്കിലും ചോദ്യം എങ്ങനെ ചോർന്ന് കിട്ടി എന്നതിനെക്കുറിച്ച് ഇവർ മിണ്ടിയിട്ടില്ല. ഇതിനായി ഇവരെ വീണ്ടും ചോദ്യം ചെയ്യുമെങ്കിലും സ്മാർട്ട് ഫോണോ മറ്റോ ഉപയോഗിച്ച് പരീക്ഷാ ഹാളിലിരുന്ന് ചോദ്യം പകർത്തി പുറത്തേക്ക് അയച്ചുവെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാരിലേക്ക് അന്വേഷണം നീളില്ല. പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രണവിനെ ഇതുവരെ പൊലീസിന് പിടിക്കാനും കഴിഞ്ഞിട്ടില്ല.

യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ ചുമതലയുണ്ടായിരുന്നവരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ അന്വേഷണസംഘം ഇനിയും തുനിഞ്ഞിട്ടില്ല. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയ്ക്കിടെ ഇൻവിജിലേറ്റ‌ർമാർ മൊബൈലിൽ ചോദ്യപേപ്പർ പകർത്തി പുറത്തേക്ക് അയക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന അനദ്ധ്യാപക ജീവനക്കാരാണ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമായും സംശയ നിഴലിലുണ്ടായിരുന്നത്. പി.എസ്.സിയിലേക്കോ യൂണിവേഴ്സിറ്റി കോളേജിലേക്കോ അന്വേഷണം നീളാതെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുള്ള ശിവരഞ്ജിത്ത്, നസിം, പ്രണവ്, ഗോകുൽ, സഫീർ എന്നിവരുടെ ഒരുവർഷത്തെ ഫോൺ കോൾ വിശദാംശങ്ങൾ സൈബർ പൊലീസ് മുഖാന്തിരം ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും കാലത്തെ കോൾ വിവരങ്ങൾ ലഭിക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് വിദഗ്ദർ പറയുന്നത്. ചോദ്യപേപ്പർ ചോർത്തിയതും ഉത്തരങ്ങൾ കൈമാറിയതുമായ മൊബൈൽഫോണുകളും സ്മാർട്ട് വാച്ചുകളുമുൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്തായാലും നിലവിൽ പ്രതിചേർക്കപ്പെട്ട അഞ്ചുപേരൊഴികെ പുതുതായി ആർക്കെങ്കിലും എന്തെങ്കിലും വിധത്തിലുള്ള പങ്കുള്ളതായി ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് നിലവിലെ പ്രതികളിൽ ഒതുക്കി വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.