തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടിപ്പിക്കുമ്പോൾ എം.എൽ.എ മാർക്കും എം.പി മാർക്കും മറ്ര് ഒൗദ്യോഗിക പദവികളുള്ളവർക്കും ഭാരവാഹിത്വം നൽകരുതെന്ന ആവശ്യം ശക്തമായി. കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഈ നിലപാട് പങ്കുവച്ചതോടെ ഇരട്ടപദവി വിരുദ്ധരുടെ ആവേശം കൂടിയിരിക്കുകയാണ്. വി.എം സുധീരൻ, പി.പി.തങ്കച്ചൻ എന്നിവരും ഇതേ ചിന്താഗതിക്കാരാണത്രെ . ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പുകൾക്കതീതമായി സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ എന്നിവർക്ക് ഇന്ന് ഇ-മെയിൽ സന്ദേശങ്ങളയക്കും. കെ.എസ്. യു , യൂത്ത് കോൺഗ്രസ് പോഷക സംഘടനാ നേതാക്കളും സന്ദേശ പ്രവാഹത്തിൽ പങ്കെടുക്കും. ഇരട്ട പദവി അനുകൂലിക്കുന്ന ഐ ഗ്രൂപ്പ് നേതൃത്വത്തോട് വിയോജിക്കുന്ന ഐ ഗ്രൂപ്പുകാരും ഇക്കൂട്ടത്തിലുണ്ട്. . രണ്ടുദിവസമായി തലസ്ഥാനത്തുള്ള എ.കെ.ആന്റണിയോടും ഇതേ ആവശ്യം നേതാക്കളും പ്രവർത്തകരും ഉന്നയിച്ചിരുന്നു. ഇരട്ടപദവി വിവാദം കനത്തതോടെ കെ.പി.സി.സി പുന:സംഘടന


ഈ മാസം പൂർത്തിയാവാനുളള സാദ്ധ്യതയും അകന്നു

കോൺഗ്രസിലെ യുവതലമുറയും കെ.പി.സി.സി സെക്രട്ടറിമാരും ആവേശത്തോടെ ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. ഇരട്ട പദവിയുണ്ടായാൽ പല കെ.പി.സി. സി ഭാരവാഹികൾക്കും സ്ഥാനക്കയറ്രം കിട്ടില്ല. പല സെക്രട്ടറിമാർക്കും സ്ഥാനം നഷ്ടപ്പെടും. തലസ്ഥാനത്തെ പ്രമുഖനായ ഒരു മുൻ മന്ത്രിക്ക് വേണ്ടിയാണ് ഇരട്ടപദവിക്കായി ഐ ഗ്രൂപ്പ് ബലം പിടിക്കുന്നതെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഇരുഗ്രൂപ്പുകളും ഗ്രൂപ്പിൽ പെടാത്ത ചിലരും ഭാരവാഹികളുടെ ചുരുക്കപ്പട്ടികയിലുണ്ട്. ഇവർക്ക് വർക്കിംഗ് പ്രസി‌ഡന്റ് അഥവാ വൈസ് പ്രസിഡന്റ് ,ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഉറപ്പിക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ ശ്രമം.

എ ഗ്രൂപ്പിൽ നിന്ന് തമ്പാനൂർ രവി, കെ.ബാബു, സി.ആർ. ജയപ്രകാശ്, കെ.സി. അബു, ടി. സിദ്ദിഖ്. എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എം.എൽ.എ മാരെയോ എം.പി മാരെയോ ഇവർ ഉൾപ്പെടുത്തിയിട്ടില്ല. ഐ യാകട്ടെ വി.എസ്. ശിവകുമാർ, അടൂർ‌ പ്രകാശ്, ജോസഫ് വാഴയ്ക്കൻ , എ.പി അനിൽകുമാർ , വി.ഡി.സതീശൻ എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.