flight

കൊല്ലം: സ്‌കൂൾ വെക്കേഷൻ പോലെയാണ് ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണാവധിയും. തുടർച്ചയായി എട്ട് ചുവന്ന അക്കങ്ങൾ അടുത്ത കാലത്തൊന്നും കലണ്ടറിൽ കണ്ടിട്ടില്ല. സെപ്‌തംബർ 7 മുതൽ 15 വരെയാണ് വീണുകിട്ടിയ അവധിക്കാലം. രണ്ട് ഞായറാഴ്‌ച, ഒരു രണ്ടാം ശനിയാഴ്ച, മുഹറം, പിന്നെ ഒന്നാം ഓണം മുതൽ നാലം ഓണം വരെ നാല് അവധി ദിവസങ്ങൾ. ഇങ്ങനെ നീളുന്നു സർക്കാർ ജീവനക്കാർ ഏറെ നാളായി മനസിൽ കൊണ്ടുനടന്ന ദീർഘമായ ഒഴിവ് കാലം.

കഴിഞ്ഞ വർഷം ഓണാവധി നാളുകളിൽ സെക്രട്ടേറിയറ്റിൽ ജോലിക്ക് പോകേണ്ടിവന്നവർക്കും ഇക്കുറി അടുപ്പിച്ചുവന്ന രണ്ടാം ശനിയാഴ്‌ചയും ഞായറും തിങ്കളാഴ‌്‌ചത്തെ വലിയ പെരുന്നാൾ അവധിയും പ്രളയത്തെ തുടർന്ന് നഷ്‌ടമായവർക്കും ആശ്വസിക്കാം, സെപ്‌തംബറിലെ കലണ്ടർ താളിലെ രണ്ടാം വരിയിലെ ചുവന്ന അക്കളെ ഓർത്ത്. യാത്രകളായിരുന്നു മിക്കവരും ആസൂത്രണം ചെയ്‌തിരുന്നത്. എന്നാൽ മിന്നൽ പ്രളയവും മുന്നറിയിപ്പുകളും പലരെയും യാത്രകളിൽ നിന്ന് അകറ്റി. ഗൾഫ് നാടുകളിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന പരിപാടികൾ മിക്കവരുടെയും പരിഗണനയിലുണ്ട്. മിക്ക ട്രാവൽ കമ്പനികളും മദ്ധ്യപൂർവ രാജ്യങ്ങളിലേക്കും സിങ്കപ്പൂർ, മലേഷ്യ, തായ്‌ലാന്റ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലേക്കും പാക്കേജുകളും പ്ലാൻ ചെയ്‌തിട്ടുണ്ട്.

പ്രൊഫഷണൽ കോഴ്‌സുകൾക്ക് വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മക്കളെ സന്ദർശിക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്‌ത കുടുംബങ്ങളുമുണ്ട്. എന്നാൽ ഇത്തവണത്തെ യാത്ര മാറ്റി ആ പണം പ്രളയബാധിതർക്ക് നീക്കി വച്ചവരുമുണ്ട്.