കഭീ.. കഭീ.. മേരെ ദിൽ മേം ഖയാൽ ആതാ ഹേ..." 1976ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ നിത്യഹരിത ഹിറ്റായ കഭി കഭീ എന്ന ചിത്രത്തിലെ ഗാനം... പുറത്തിറങ്ങി നാലു ദശാബ്ദങ്ങൾ പിന്നിട്ടിട്ടും അടങ്ങുന്നില്ല ഈ ഗാനം ഉണ്ടാക്കിയ ഓളങ്ങൾ. മുഹമ്മദ് സഹൂർ ഖയ്യാം എന്ന അനശ്വര സംഗീതജ്ഞന്റെ സ്വരതന്ത്രികളിൽ വിരിഞ്ഞ ഗൃഹാതുരത്വം നിറയ്ക്കുന്ന ഈ ഗാനം ഏറ്റുപാടാതിരിക്കാൻ കാലമെത്ര കഴിഞ്ഞാലും ഇന്ത്യൻ ജനതയ്ക്ക് കഴിയില്ല. മുഹമ്മദ് ഖയ്യാം എന്ന സംഗീത സംവിധായകനെ അനശ്വരനാക്കാൻ കഭീ കഭീ തന്നെ ധാരാളം. അന്നും ഇന്നും എന്നും പ്രണയിനികളുടെ മനസിൽ ഒരു നൂറു ചെമ്പനീർപൂക്കൾ വാരി വിതറുന്ന ഈ ഗാനം ആലപിക്കാനുള്ള ഭാഗ്യം ലഭിച്ചത് മുകേഷിനായിരുന്നു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 'കഭീ കഭീ ' അറിയപ്പെടുന്നത് അതിന്റെ സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും പേരിലാണ്. സഹിർ ലുദിയാൻവിയുടെ അതിമനോഹരമായ വരികൾക്ക് ഖയ്യാമിന്റെ ഈണം ജീവനേകി.
തങ്ങൾ ഈണമിട്ട ഗാനങ്ങളിലൂടെ ഗായകന് ലഭിക്കുന്നതിനേക്കാൾ പ്രശംസ ഒരു സംഗീത സംവിധായകൻ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ ഒരാൾ ഖയ്യാമാണ്. ബോളിവുഡ് സംഗീതത്തിൽ ഒരു സുവർണകാലഘട്ടം പടുത്തുയർത്തിയ ഖയ്യാം എന്ന പകരം വയ്ക്കാനില്ലാത്ത പ്രതിഭ തന്റെ ഈണങ്ങളെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുകയാണ്.
ഖയ്യാമിനെ ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് കഭീ കഭീ തന്നെയാണ്. പറഞ്ഞാലും തീരില്ല വർണനകൾ. 1950ൽ ചേതൻ ആനന്ദിന്റെ ഒരു ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഖയ്യാം ഈ ഈണങ്ങൾ റെക്കാഡ് ചെയ്യുന്നത്. പക്ഷേ, ആ സിനിമ പുറത്തിറങ്ങിയില്ല. എന്നാൽ കാലം ഖയ്യാമിനായി കാത്തുവച്ചത് മറ്റൊന്നാണ്. അമിതാഭ് ബച്ചൻ, ശശി കപൂർ, രാഖീ തുടങ്ങിയവർ തകർത്തഭിനയിച്ച എക്കാലെത്തെയും മികച്ച റൊമാന്റിക് ഡ്രാമയിലൂടെ ആ ഗാനം പുറത്തിറങ്ങി. ഖയ്യാമിന്റെ ഗാനത്തിന്റെ പേര് തന്നെ സിനിമയുടേതും..കഭീ കഭീ..! മഞ്ഞ് പെയ്യുന്ന കാശ്മീർ താഴ് വരകളിലൂടെ ഈ ഗാനവും ആലപിച്ച് കൊണ്ട് അമിതാഭ് ബച്ചനും രാഖിയും നടന്ന് നീങ്ങിയത് നമ്മുടെ മനസിലേക്കായിരുന്നു.
1982ൽ പുറത്തു വന്ന ഉമ്രാവോ ജാനിലെ 'ഇൻ ആംഖോം കി ".. നൂറിയിലെ ' ആജാരേ.." ഇന്നും നിത്യഹരിതമായി നിൽക്കുന്നു, ബിവിയിൽ മുഹമ്മദ് റാഫി ആലപിച്ച ' അകേലേ മേം വോ ഖബ്രാതെ തോ ഹോെഗെ", ഫിർ സുബഹ് ഹോഗിയിലെ ' ചിൻ ഓ അറബ് ഹമാരാ"... എന്നിവ ഇന്നും ഖയ്യാമിന്റെ സൃഷ്ടികളിൽ യാതൊരു മങ്ങലുമേൽക്കാതെ നിലക്കൊള്ളുന്നു. 40 സിനിമകൾക്കേ ഈ വലിയ കാലയളവിൽ ഖയ്യാം സംഗീതം പകർന്നുള്ളു.200 ഓളം ആൽബങ്ങളും ചെയ്തു.ഗസലിന്റെ സ്പർശമുള്ള ഖയ്യാമിന്റെ ഗാനങ്ങൾ ഇന്ത്യൻ സിനിമയിൽ വേറിട്ട് നിൽക്കുന്നു. കേട്ടവർ ഏറ്റുപാടിപോകുന്ന ഈ ഈണങ്ങളും അത് സമ്മാനിച്ച ഖയ്യാമിനെയും എങ്ങനെ മറക്കും. റാഫിയും ലതയും മാത്രമല്ല ഇന്ത്യൻ ജനത ഒന്നടങ്കം അദ്ദേഹത്തിന്റെ ഈണത്തിനനുസരിച്ച് പാടിയവരാണ്. ഒരു വിദേശരാജ്യത്തു ചെന്നാൽ അവിടെയുള്ളവർ പാടാൻ ആവശ്യപ്പെടുന്ന ഇന്ത്യൻ ഗാനം കഭീ കഭി ആയിരിക്കും.സംഗീതത്തിനു വേണ്ടി ജീവിച്ച് തന്റെ ഈണങ്ങൾ കൊണ്ട് ഭാഷയ്ക്കും അതിർത്തികൾക്കും അപ്പുറം ആരാധകരെ കീഴടക്കിയ ഇന്ത്യൻ സംഗീത ലോകത്തിലെ കിരീടമില്ലാത്ത രാജാവായ മുഹമ്മദ് ഖയ്യാം എന്നും ജീവിക്കും നമ്മുടെ ഹൃദയങ്ങളിൽ.