general

ബാലരാമപുരം: ഓണക്കാലമായതോടെ ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് പൊലീസിന് തലവേദനയാകുന്നു. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. ജംഗ്ഷനിൽ നാല് ദിശയിൽ നിന്നും എത്തിയവാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടു. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും എത്തിയ ആംബുലൻസിന് പോലും വഴിയൊരുക്കാനാകാതെ ഹോംഗാർഡിനും പൊലീസിനും വിയർപ്പൊഴുക്കേണ്ടി വന്നു. ഓണക്കാലത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുന്ന നടപടികളും വൈകുകയാണ്. കൂടാതെ ജംഗ്ഷനിലെ അനധികൃതപാർക്കിംഗും പൊലീസ് തലവേദന സൃഷ്ടിക്കുകയാണ്. അഞ്ച് മിനിട്ടോളം ക്ഷമ നശിച്ച് കാത്ത് നിൽക്കുന്ന വാഹനയാത്രികൾ ഹോംഗാർഡുകളുമായി വാക്കേറ്റത്തിൽ ഏ‍ർപ്പെടുന്നതും പതിവായിരിക്കുകയാണ്.

അഞ്ച് മിനിട്ടുള്ള ഇടവേളയിലാണ് കാട്ടാക്കട-വിഴിഞ്ഞം ഭാഗത്തേക്ക് വാഹനം കടന്നുപോകൻ ഹോംഗാ‌ർഡുകൾ സിഗ്നൽ കാണിക്കുന്നത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ പോലും 60 സെക്കന്റിന്റെ ഇടവേളയിലാണ് ബൈ റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ബാലരാമപുരത്ത് 3 മിന്നിറ്റിൽ കൂടുതൽ സമയം വേണം കാട്ടാക്കട-വിഴിഞ്ഞം ഭാഗത്തേക്ക് വാഹനം കടന്നുപോകാൻ. ഇതിനിടയിൽ വാഹനങ്ങളുടെ നീണ്ടനിരയായിരിക്കും പ്രത്യക്ഷപ്പെടുന്നത്.

പ‌ഞ്ചായത്ത്,​ ജനമൈത്രി പൊലീസ്,​ വ്യാപാരസ്ഥാനങ്ങൾ,​ സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഓണക്കാലത്ത് ഗതാഗതപരിഷ്ക്കാരം നടത്താറുണ്ടെങ്കിലും ആലോചനായോഗം പോലും ഇതുവരെ ചേർന്നിട്ടില്ല. കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടവികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുടവൂർപ്പാറ മുതൽ ബാലരാമപുരം വരെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്.

ജെ.സി.ബി ഉപയോഗിച്ച് റോഡ‌് വീതിക്കൂട്ടുന്നത് കൊടിനട വരെ എത്തിയതോടെ ഗതാഗത പ്രതിസന്ധി നിയന്ത്രണാതീതമായി. റോഡിന്റെ വീതിക്കുറവും പാർക്കിഗും ഗതാഗത കുരുക്ക് വർദ്ധിപ്പിച്ചു. ഒപ്പം ഏറെ നേരം സിഗ്നൽ കാത്ത് കുഴഞ്ഞവർ ഓവടേക്ക് ചെയ്ത് റോഡ് കൂടുതൽ ബ്ലോക്കാക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.