കേരളത്തിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ അയയ്ക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമാർ അറിയിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതി വിവരിച്ചുവെന്നാണ് റിപ്പോർട്ട്. ആവലാതികൾ കേട്ടറിഞ്ഞ കേന്ദ്രമന്ത്രി പതിവുപോലെ വേണ്ട സഹായങ്ങളൊക്കെ നൽകാമെന്ന ഉറപ്പുനൽകിയാണ് കേരളമന്ത്രിയെ യാത്രയാക്കിയത്. കാർഷികവായ്പയുടെ മോറട്ടോറിയം നീട്ടൽ, മറ്റു വായ്പകളുടെ പുനഃക്രമീകരണം, നബാർഡിൽ നിന്ന് പുതിയ വായ്പ, പലിശ കുറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രമന്ത്രി മുമ്പാകെ അവതരിപ്പിച്ചിരുന്നു. ആവശ്യങ്ങളോട് കേന്ദ്രമന്ത്രി അനുഭാവപൂർവമായാണ് പ്രതികരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പിന്നീട് വാർത്താലേഖകരോട് പറയുകയുണ്ടായി. കേന്ദ്രസംഘത്തിന്റെ കേരളസന്ദർശന തീയതി നിശ്ചയിച്ചിട്ടില്ല. അതിനു കാലവും മുഹൂർത്തവും കാത്തിരിക്കുകയാവാം. സന്ദർശനം പൂർത്തിയാക്കി സംഘം ഡൽഹിക്കു മടങ്ങിയശേഷമേ ദുരിതബാധിത പ്രദേശങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകുകയുള്ളൂ. ഇതിനെ അടിസ്ഥാനമാക്കിയാകും സഹായത്തോത് നിശ്ചയിക്കുക. ഇതൊക്കെ ഒരനുഷ്ഠാനം പോലെ ദുരിതകാലത്ത് നടന്നുകൊണ്ടിരിക്കുന്ന പതിവുകളാണ്. സംസ്ഥാനത്തെ ഏതാണ്ട് പൂർണമായും മുക്കിയ കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും കേന്ദ്രത്തിൽ നിന്ന് പല സംഘങ്ങളും എത്തി നാശം വിലയിരുത്തിയിരുന്നു. ഓരോ മേഖലയ്ക്കുമുണ്ടായ നാശനഷ്ടങ്ങളുടെ വിശദ വിവരങ്ങളടങ്ങിയ മെമ്മോറാണ്ടം സംസ്ഥാന സർക്കാർ കൃത്യമായി കൈമാറുകയും ചെയ്തു. എന്നാൽ ആദ്യഘട്ടത്തിൽ നൽകിയ സഹായമൊഴിച്ചാൽ പിന്നീട് വലിയ സഹായമൊന്നും ഉണ്ടായില്ല. മുപ്പതിനായിരത്തില്പരം കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഒരാഴ്ച നീണ്ടുനിന്ന പ്രളയം സംസ്ഥാനത്തിന് വരുത്തിവച്ചത്. അതിന്റെ പത്തിലൊരു ശതമാനം പോലും കേന്ദ്രത്തിൽ നിന്ന് സഹായമായി ലഭിച്ചതുമില്ല. ഇത്തവണയും കേന്ദ്രസംഘത്തിന്റെ സന്ദർശനം പഴയ ആവർത്തനമാകാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതുണ്ട്. സഹായവാഗ്ദാനം നൽകി മടങ്ങുന്ന കേന്ദ്രസംഘത്തെ നിരന്തരം പിന്തുടർന്ന് അനുകൂല തീരുമാനമെടുപ്പിക്കാൻ കഴിയണം. ഇത്തരം ആവശ്യങ്ങൾക്കായി പുതുതായി നിയമിച്ച പ്രത്യേക പ്രതിനിധിയുടെ സേവനം പ്രയോജനപ്പെടുത്താനുള്ള ആദ്യ അവസരം കൂടിയാണിത്.
പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനു പോലും സംസ്ഥാനത്തിന് മിക്ക അവസരങ്ങളിലും അവഗണനയാണ് നേരിടേണ്ടിവരുന്നത്. സഹായം നേടിയെടുക്കുന്ന കാര്യത്തിൽ സംസ്ഥാനവും പ്രായേണ വിമുഖത കാണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവന്നവർ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ നിന്നുകരകയറാൻ സ്വന്തം നിലയ്ക്ക് മാർഗങ്ങൾ കണ്ടെത്തേണ്ടി വരണമെന്നു വരുന്നത് വലിയ ക്രൂരതയാണ്. സഹായവിതരണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനാൽ സർക്കാർ സഹായത്തിനൊക്കെ നിശ്ചിത പരിധിയുണ്ട്. നഷ്ടത്തിന്റെ തോത് വച്ചുനോക്കിയാൽ കൂട്ടിയാൽ കൂടാത്തത്ര വിടവാകും കാണുക.
മഴമാറി നിൽക്കുകയും വീടൊഴിഞ്ഞ കുടുംബങ്ങൾ മടങ്ങുകയും ചെയ്തതോടെ ദുരിതബാധിത പ്രദേശങ്ങൾ പഴയനിലയിലേക്ക് മടങ്ങാനുള്ള ശ്രമകരമായ യത്നത്തിലാണ്. ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ല. പുത്തുമലയിൽ രണ്ടു സ്ത്രീകളെകൂടിയേ കണ്ടെത്താനുള്ളൂ. കവളപ്പാറയിലാകട്ടെ ഡസനോളം പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സംശയം. മഴക്കെടുതിയിലും ഉരുൾപൊട്ടലുകളിലുമായി നൂറ്റിഇരുപതുപേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ പെട്ടവരോടുള്ള സ്നേഹവും സഹായവും പങ്കിടുന്നതിൽ സംസ്ഥാനം ഒരിക്കൽകൂടി ഉദാത്തമാതൃക കാട്ടിയെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. ജീവിതസമ്പാദ്യം പൂർണമായും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വേണ്ടി നൽകിയവരുണ്ട്. ആശിച്ച കളിപ്പാട്ടം വാങ്ങാൻ സൂക്ഷിച്ച ചില്ലറത്തുട്ടുകൾ അപ്പാടെ സംഭാവനയായി നൽകിയ കുരുന്നുകളെ എങ്ങനെ മറക്കാനാണ്. വലിയതുകയും സാധനസാമഗ്രികളുമായി ഓടിയെത്തിയ മനുഷ്യസ്നേഹികളെ സമൂഹത്തിന് ഒരിക്കലും മറക്കാനാവില്ല. ത്യാഗത്തിന്റെയും കരളലിയിക്കുന്ന മനുഷ്യസ്നേഹത്തിന്റെയും എത്രയെത്ര അനുഭവങ്ങൾക്കാണ് ഈ ദുരിതകാലം സാക്ഷിയായത്.
മുൻ പ്രളയത്തിലെന്നതുപോലെ ആയിരക്കണക്കിന് കുടുംബങ്ങളെ തീർത്തും വഴിയാധാരമാക്കിക്കൊണ്ടാണ് ഈ പ്രളയകാലവും കടന്നുപോകുന്നത്. മലയടിവാരങ്ങളിൽ താമസിച്ചിരുന്നവരുടെ പുനരധിവാസം വലിയ ചോദ്യം ഉയർത്തുന്നുണ്ട്. സുരക്ഷിതമായ സ്ഥലത്തുവേണം ഇനി അവരെ പാർപ്പിക്കാൻ. അപകടസാദ്ധ്യത ഒഴിഞ്ഞിട്ടില്ലെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുള്ളതിനാൽ പുനരധിവാസ വിഷയത്തിൽ ഏറെ കരുതലും ഒരുക്കങ്ങളും ആവശ്യമാണ്. മുൻ അവസരങ്ങളിലെ പോലെ ദുരിതാശ്വാസ സഹായനിധിയെ പുഷ്ടിപ്പെടുത്താൻ എല്ലാവിഭാഗം ജനങ്ങളും ഇനിയും മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച വൈദ്യുതി ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളത്തുകയായ 132 കോടി രൂപ ബോർഡ് അധികൃതർ കൈമാറാതെ സൂക്ഷിച്ചതു പോലുള്ള നിർഭാഗ്യകരമായ സംഭവം സമൂഹത്തിൽ സംശയങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഇത്തരം നടപടികൾ. വിവാദമായപ്പോൾ ധൃതിപിടിച്ച് ബോർഡ് തുക അടയ്ക്കാൻ മുന്നോട്ട് വന്നുവെങ്കിലും യഥാകാലം സംഭാവനത്തുക അടയ്ക്കാതിരുന്ന വിവേകശൂന്യമായ തീരുമാനം ബോർഡിനുണ്ടാക്കിയ കളങ്കം പെട്ടെന്നൊന്നും മായ്ച്ചു കളയാനാകില്ല. ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച് ജനങ്ങളിൽ അത് ഏറെ സംശയങ്ങളും ഉയർത്തിയെന്നത് നിഷേധിക്കാനാവില്ല.