overtoun-bridge

നായ്ക്കളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ. എങ്കിൽ സ്കോട്ട്ലൻഡിലെ വെസ്റ്റ് ഡൺബാർട്ടൺ ഷെയറിലുള്ള ഓവർടൗൺ ബ്രിഡ്‌ജിനടുത്തേക്ക് അവയെ കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. നായ്ക്കളുടെ ആത്മഹത്യാ മുനമ്പാണ് ഈ പാലം. പ്രത്യേകിച്ച് യാതൊരു കാരണങ്ങളുമില്ലാതെ നായ്ക്കൾ ഈ പാലത്തിന് മുകളിൽ നിന്നും താഴേക്ക് ചാടുമത്രെ. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പതോളം നായ്ക്കൾ ഇത്തരത്തിൽ ഇവിടെ മരിച്ചെന്ന് പറയപ്പെടുന്നു. അതിനാൽ ഇവിടെ മുന്നറിയിപ്പ് ബോർഡും വച്ചിട്ടുണ്ട്.

1895ലാണ് ഈ പാലം നിർമിച്ചത്. പാലത്തിന് താഴെ 50 അടി താഴ്‌ചയിൽ പാറക്കെട്ടുകളാണ് ഉള്ളത്. പാലത്തിൽ നിന്നും നായ്ക്കൾ താഴേക്ക് വീഴുകയോ അല്ലെങ്കിൽ ചാടുകയോ ചെയ്യുമത്രെ. ചില നായ്ക്കൾ അങ്ങനെ ചത്തു പോയിട്ടുണ്ട്. മറ്റു ചിലതിന് പരിക്കേറ്റിട്ടുണ്ട്. 2005 മുതലാണ് ഈ അസാധാരണ സംഭവം വാർത്തകളിൽ സജീവമായി തുടങ്ങിയത്.

പാലത്തിൽ എന്തോ അജ്ഞാത ശക്തി ഉണ്ടെന്നാണ് നാട്ടുകാർക്കിടയിലെ സംസാരം. അതേസമയം നായ്ക്കളെ ആകർഷിക്കുന്ന തരത്തിലെ പ്രകൃതിദത്തമായ എന്തെങ്കിലും മണമോ വസ്തുക്കളോ താഴെയുണ്ടാകാമെന്നും അത് ശ്രദ്ധിക്കുന്നതിനിടെ ബാലൻസ് തെറ്റിയായിരിക്കാം അവ താഴെ വീഴുന്നതെന്നും ചിലർ പറയുന്നു.

നായ്ക്കൾ താഴേക്ക് ചാടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. കോളി വർഗത്തിൽപ്പെട്ട നായ്ക്കളാണ് പാലത്തിൽ നിന്നും താഴേക്ക് ചാടിയിട്ടുള്ളവയിൽ ഭൂരിഭാഗവും എന്ന് പറയപ്പെടുന്നു. നായ്ക്കളിൽ മാത്രമല്ല, മനുഷ്യരിലും നിഗൂഢ സംഭവങ്ങൾ ഈ പാലത്തിൽ വച്ച് അരങ്ങേറിയിട്ടുണ്ട്.