പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ രോഷം പുകയുന്നു. ഇത്രയുമായിട്ടും കോൺഗ്രസ് പഠിച്ചില്ലെന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണോ? ഒരാൾക്ക് ഒരു പദവി എന്ന സംഘടനാ മാനദണ്ഡം പാലിക്കാനാകില്ലെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചതോടെ ഗ്രൂപ്പ് കളി സജീവമാവുകയും പുനഃസംഘടന പ്രതിസന്ധിയിലായിരിക്കുകയുമാണ്. ഒരു പദവി ഒരാൾക്കെന്ന നിലപാടിനെ എതിർക്കുന്നവർ നിലവിൽ പാർലമെന്ററി പദവി വഹിക്കുന്നവരാണ്. പാർട്ടിയിലെ പ്രമുഖനായ ഒരു നേതാവിനെ സ്വാധീനിച്ചാണ് ഇക്കൂട്ടർ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് വിമർശനം.
കേന്ദ്ര നേതൃത്വം ദുർബലമായതിനാൽ പാർട്ടിയിൽ ആർക്കും എന്തുമാകാമെന്ന സ്ഥിതിയായിട്ടുണ്ട്. ഒരുതരം അനിശ്ചിതാവസ്ഥ. ഗ്രൂപ്പിൽപ്പെട്ട എം.പിമാർ, മുൻമന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പാർട്ടി ഭാരവാഹികളാകാൻ കച്ചമുറുക്കി രംഗത്തുണ്ട്. ഒരാൾക്ക് ഒരു പദവിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഈ നിലപാടിനൊപ്പമാണത്രെ. 2014 ലെ പരാജയത്തെത്തുടർന്ന് സോണിയാഗാന്ധി നിയോഗിച്ച എ.കെ.ആന്റണി കമ്മിഷന്റെ ശുപാർശയാണ് ഒരാൾക്ക് ഒരു പദവി എന്നതിനാൽ ആന്റണിയുടെ പിന്തുണയും ഉറപ്പാണ്.കഴിഞ്ഞ ദിവസം കെ. മുരളീധരൻ എം.പി മുല്ലപ്പള്ളിയെ നേരിൽക്കണ്ട് ജനപ്രതിനിധികളെ സംഘടനാ ഭാരവാഹികളാക്കാനുള്ള നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ആറു സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്തെ അനുകൂല സാഹചര്യം എങ്ങനെ പ്രതികൂലമാക്കാമെന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ് ഗ്രൂപ്പ് നേതൃത്വം എന്നാണ് നിഷ്പക്ഷമതികൾ പറയുന്നത്.എന്നാൽ പുനഃസംഘടനയേക്കാൾ ഏറ്റവും വലിയ വിഷയം പാർട്ടിക്കുള്ളിലെ സാമുദായിക സമവാക്യത്തിലെ അസന്തുലിതാവസ്ഥയാണ്.പിന്നാക്ക ദളിത് പ്രാതിനിധ്യത്തിൽ ഇതര വിഭാഗങ്ങളുമായുള്ള വലിയ അന്തരം നിലനിൽക്കുന്നു.ഈ പ്രശ്നത്തെ ഗൗരവമായി സമീപിക്കാൻ നേതൃത്വം ഇനിയും മുൻകൈയെടുത്തിട്ടില്ല.കേരളത്തിലെ പ്രബല സമുദായമായ ഈഴവ വിഭാഗത്തിൽ നിന്ന് നിയമസഭയിൽ ഒരൊറ്റ കോൺഗ്രസ് അംഗം പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.ആകെയുണ്ടായിരുന്ന അടൂർപ്രകാശ് എം.എൽ.എ സ്ഥാനം രാജിവച്ച് എം.പിയായി മത്സരിച്ച് വിജയിച്ചതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലായാലും തൊട്ടുമുമ്പായാലും ഈ അവഗണന പ്രകടമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.സീറ്റുവിഭജനത്തിൽത്തന്നെ ജയസാദ്ധ്യതയില്ലാത്ത സീറ്റുകൾ കണ്ടെത്തി നൽകുന്നതിലായിരുന്നത്രെ പാർട്ടി നേതൃത്വത്തിലെ ചിലരുടെ താത്പര്യം.
കേന്ദ്രത്തിലെ അനുകൂല അന്തരീക്ഷം മുതലെടുത്ത് കോൺഗ്രസിൽ നിന്ന് നേതാക്കന്മാരെ തങ്ങളുടെ പക്ഷത്തേക്ക് ചാടിക്കാൻ ബി.ജെ.പി.രംഗത്തുണ്ട്. ആ സാഹചര്യത്തിൽ പിന്നാക്ക വിഭാഗക്കാരെ പ്രത്യേകിച്ച് ഈഴവ സമുദായത്തെ പാടെ അവഗണിച്ചത് പാർട്ടിക്ക് ദോഷമാകുമെന്ന് പൊതുഅഭിപ്രായം ഉയർന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നരവർഷം മാത്രം ബാക്കിനിൽക്കെ ജനപ്രതിനിധികളെ സംഘടനാ ഭാരവാഹികളാക്കിയാൽ അവർ മണ്ഡലം നോക്കുമോ പാർട്ടി പ്രവർത്തനം നടത്തുമോയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.മാത്രമല്ല ഒരു പാർലമെന്ററി പദവിയുമില്ലാത്തവർക്ക് പാർട്ടി ഭാരവാഹിത്വമെങ്കിലും നൽകിയില്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പാർട്ടിക്കു ദോഷകരമായി മാറുമെന്നാണ് പൊതു അഭിപ്രായം.
പഞ്ചായത്ത് തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തണമെന്ന വാദം ശക്തി പ്രാപിക്കുകയാണ്. സവർണസമുദായങ്ങളിൽ നിന്ന് ബി.ജെ.പിയിലേക്ക് അടിയൊഴുക്കുണ്ടായ പശ്ചാത്തലത്തിൽ ഇനിയെങ്കിലും പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിറുത്തണമെന്ന വാദത്തിന് പ്രസക്തിയേറുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസിനേറ്റ തിരിച്ചടിയും രാഹുൽഗാന്ധി പ്രസിഡന്റ് പദവിയൊഴിഞ്ഞ ശേഷമുണ്ടായ അനിശ്ചിതത്വവുമൊക്കെ പാർട്ടിയുടെ പ്രതിച്ഛായ വലിയ രീതിയിൽ നഷ്ടപ്പെടുത്തിയിരുന്നു.സോണിയാഗാന്ധി പ്രസിഡന്റായി വന്നത് താത്കാലികമാണെന്ന പ്രചാരണം ശക്തമാണ്.വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് പ്രമുഖർ രാജിവച്ചൊഴിയുമ്പോൾ ആകെയുള്ള കച്ചിത്തുരുമ്പിലൊന്നായ കേരളം നിലനിറുത്തണമെങ്കിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാൻ പാർട്ടി തയാറായേ മതിയാകൂ എന്നാണ് പൊതുസംസാരം.