mangattupara

തിരുവനന്തപുരം : പരിസ്ഥിതി ദുർബലപ്രദേശമായി ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശമുള്ള നെടുമങ്ങാട് താലൂക്കിൽപ്പെട്ട ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏറ്റവും പൊക്കമുള്ള മലയായ മങ്ങാട്ടുപാറയെ ഖനനം നടത്താനായി സ്വകാര്യ വ്യക്തിക്ക് എൻ.ഒ.സി നൽകിയ ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ. 50 സെന്ററിൽ കൂടുതലുള്ള റവന്യു ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകണമെങ്കിൽ മന്ത്രിസഭയുടെ അനുവാദം വേണമെന്ന നിയമം മറികടന്ന് 2018 മേയ് 15 നാണ് ജില്ലാ കളക്ടർ എൻ.ഒ.സി നൽകിയത്. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകൾക്കുവേണ്ടി കുടിവെള്ള പദ്ധതി ആരംഭിക്കാൻ ടാങ്ക്, പ്ലാന്റ് എന്നിവ പണിയാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലത്താണ് പാറമടയ്ക്കായി കളക്ടർ എ.ഒ.സി നൽകിയത്. ജി.കാർത്തികേയൻ എം.എൽ.എ ആയിരുന്ന ഘട്ടത്തിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ള പദ്ധതിയെക്കുറിച്ച് ആലോചന ഉണ്ടായത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 കോടി അനുവദിച്ചിരുന്നെങ്കിലും പിന്നീട് യാതൊന്നും നടന്നില്ല. ഇതിന്റെ മറവിലാണ് ഇപ്പോഴത്തെ ഖനനാനുമതി തീരുമാനം.

90 ഏക്കർ വിസ്‌തീർണമുള്ള മങ്ങാട്ടുപാറയിലെ 14 ഏക്കർ മേഖലയാണ് ആദ്യ ഘട്ടത്തിൽ പാറഖനനത്തിനായി അനുമതി നൽകിയത്. ഉഴമലയ്ക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 50 റീസർവ്വേ 399/1, 399/2 ൽ പ്പെട്ട യഥാക്രമം 0.61 ഹെക്ടർ, 5.10 ഹെക്ടർ വിസ്തീർണ്ണമുള്ള പ്രദേശമാണ് പത്തുവർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നൽകിയിട്ടുള്ളത്. നാട്ടുകാരുടെ എതിർപ്പ് ഇല്ലാതെ വന്നാൽ 90 ഏക്കർ ഭൂമിയും ഘട്ടം ഘട്ടമായി ഖനനം ചെയ്യാനുള്ള നീക്കമാണിതെന്ന് നാട്ടുകാർ പറയുന്നു.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന പാറഖനനത്തിന് പിന്നിൽ ജില്ലയ്ക്ക് പുറത്തുള്ള പാറമട ലോബിയാണുള്ളതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു . ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറും, നെടുമങ്ങാട് തഹസീൽദാറും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനാണ് നിരാക്ഷേപ സമ്മതപത്രം കളക്ടർ നൽകിയത്.ഖനനത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മെമ്പർമാർ റവന്യു മന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ്, സി.പി.ഐ, സി.പി.എം പാർട്ടികളും യുവജനസംഘടനകളും പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുണ്ട്.