തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിസന്ധിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി വാർത്താലേഖകരോട് പറഞ്ഞു. കേരളത്തിലെ എല്ലാവരുമായും കൂടിയാലോചിച്ച് ന്യായമായ പ്രാതിനിദ്ധ്യം ഉറപ്പാക്കി എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
പരാതിയുമായി കെ. മുരളീധരൻ രംഗത്ത് വന്നതിനെപ്പറ്റി ചോദിച്ചപ്പോൾ കെ.പി.സി.സി പ്രസിഡന്റിനെ പോലെ പ്രധാനപ്പെട്ട ആളുകളോടാണ് അത്തരം കാര്യങ്ങൾ ചോദിക്കേണ്ടത് എന്നായിരുന്നു മറുപടി. പാർട്ടിയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി തന്നെ പോലെയുള്ളവർ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തിമതീരുമാനം ഹൈക്കമാൻഡുമായി
ആലോചിച്ച്: മുല്ലപ്പള്ളി
പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി മാനദണ്ഡം കൊണ്ടുവരുന്നതിലെ അന്തിമതീരുമാനം ഹൈക്കമാൻഡിന്റെ നിലപാട് അറിഞ്ഞ ശേഷമേയുള്ളൂ എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഒരാൾക്ക് ഒരു പദവി എന്നത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്തെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കുമേൽ ഒരു സമ്മർദ്ദവുമുണ്ടായിട്ടില്ല. കെ.പി.സി.സിക്ക് ജംബോകമ്മിറ്റി വേണ്ടെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട സുചിന്തിതമായ തീരുമാനമാണ്. പുനഃസംഘടനയിൽ എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.