കിളിമാനൂർ: കാൽ ലക്ഷത്തോളം രൂപയും, എ.ടി.എം കാർഡും, ഐ.ടി കാർഡുമൊക്കെ അടങ്ങിയ കളഞ്ഞു കിട്ടിയ പഴ്സ് ഉടമസ്ഥന് തിരിച്ച് നൽകി റിട്ട. ആയുർവേദ വകുപ്പ് ജീവനക്കാരൻ മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചര മണിയോടയാണ് ഫിസിയോ തെറാപ്പിസ്റ്റ് കൂടിയായ കിളിമാനൂർ വാലഞ്ചേരി ബി.എസ് വർണ്ണാലയത്തിൽ ബാബുവിന് വാലഞ്ചേരി വെയിറ്റിംഗ് ഷെഡിൽ നിന്നും പഴ്സ് കളഞ്ഞു കിട്ടിയത്. പോങ്ങനാട് പഴയ ചന്ത ചെക്കാലകോണം പുത്തൻ വീട്ടിൽ കെൽട്രോൺ ജീവനക്കാരനായ അജയ കുമാറിന്റെ പഴ്സാണ് കൈമോശം വന്നത്. ഞായറാഴ്ച രാത്രി 9 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ മഴ പെയ്തതിനെ തുടർന്ന് ബൈക്ക് നിറുത്തി ബാഗിൽ കരുതിയിരുന്ന റെയിൻകോട്ട് എടുക്കുന്നതിനിടയിലാണ് പഴ്സ് തറയിൽ വീണത്. വിട്ടിൽ എത്തിയ ശേഷമാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പഴ്സ് കളഞ്ഞു കിട്ടിയ ബാബു ഇതിനകം വാർഡ് മെമ്പർ ബി.എസ് .റജിയെ വിവരം ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ ബാബു സി.ഐ കെ.ബി. മനോജ് കുമാറിന്റെയും വാർഡ് മെമ്പർ റജിയുടെയും സാന്നിദ്ധ്യത്തിൽ പഴ്സ് കൈമാറുകയായിരുന്നു. ബാബുവിന്റെ സത്യസന്ധതയിൽ സി.ഐ അഭിനന്ദനം അറിയിച്ചു.