പട്ടായ: തായ്ലാൻഡിലെ പട്ടായയിൽ ഒരു ബുൾഡോഗിന്റെ വയറ്റിൽ കണ്ട കാഴ്ച വെറ്ററിനറി സർജനെയും യജമാനനെയും ഞെട്ടിച്ചു. ഒന്നല്ല, രണ്ടല്ല, മൂന്നല്ല.. 32 റബർ താറാവുകളാണ് നായയുടെ വയറ്റിൽ കണ്ടെത്തിയത് ! ആകെ വിശന്ന് വലഞ്ഞതോടെയാണ് പാവം ബുൾഡോഗ് കണ്ണിൽ കണ്ട താറാവുകളെ അകത്താക്കിയത്. പക്ഷേ താറാവുകൾ റബർ കൊണ്ടുണ്ടാക്കിയതാണെന്ന് മാത്രം.
എക്‌സ്‌റേ എടുത്തപ്പോഴാണ് പാവകൾ ബുൾഡോഗിന്റെ വയറ്റിലുണ്ടെന്ന കാര്യം മനസിലായത്. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ശസ്ത്രക്രിയ വഴിയാണ് പാവകൾ പുറത്തെടുത്തത്. താറാവുകളെ കൂടാതെ വേറെയും ചെറിയ റബർ വസ്‌തുക്കളും ബുൾഡോഗിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്‌തു.
തന്റെ സ്വിമ്മിംഗ് പൂൾ അലങ്കരിക്കാനായാണ് നായയുടെ ഉടമസ്ഥയായ നോംഗോം എന്ന സ്ത്രീ 50 റബർ താറാവുകളെ വീട്ടിൽ എത്തിച്ചത്. ബോക്സിൽ നിന്നും താറാവുകളെ കാണാതായതോടെ വീട് മുഴുവൻ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 5 പാവകളെ നായ ഛർദ്ദിച്ചതോടെയാണ് സംശയം തോന്നിയ ഇവർ ഡോക്ടറെ കാണാൻ തീരുമാനിച്ചത്. 50 കിലോഗ്രാം ഭാരമുള്ള നായ സുഖംപ്രാപിച്ച് വരികയാണ്.