തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് തന്റെ അതൃപ്തി കത്തിലൂടെ അറിയിച്ച മുൻ അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി ഇന്നലെ ഉച്ചയോടെ കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ജനപ്രതിനിധികളെ കെ.പി.സി.സി ഭാരവാഹികളാക്കാനുള്ള നീക്കത്തിലെ അതൃപ്തി മുരളീധരൻ നേരിൽ ധരിപ്പിച്ചു.
പുന:സംഘടനയിൽ ഒരാൾക്ക് ഒരു പദവിയെന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഇക്കാര്യത്തിൽ പ്രസിഡന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മുരളിയുടെ നിലപാടിനോട് യോജിപ്പുണ്ടെങ്കിലും , എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോവുകയെന്ന വെല്ലുവിളിയും മുല്ലപ്പള്ളിക്ക് മുന്നിലുണ്ട്. ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നതോടെ, പാർട്ടിയിൽ ഒരു തലത്തിലും അംഗീകാരം ലഭിക്കാതെ നിൽക്കുന്നവർ വീണ്ടും തഴയപ്പെടുമെന്നാണ് മുരളിയുടെ നിലപാട്. ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നതിനെയും , നിലവിലെ കെ.പി.സി.സി സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനെയും പാർട്ടിയിലെ ഒരു വിഭാഗം അനുകൂലിക്കുമ്പോൾ, മറ്റൊരു വിഭാഗം എതിർക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം മാനദണ്ഡമുണ്ടാവണം. ജനപ്രതിനിധികളായ ചിലരെ കുത്തിത്തിരുകാൻ ചില ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കുന്നു. ചുരുക്കം ചിലർ മാത്രം ചർച്ച ചെയ്ത് ഏകപക്ഷീയമായി ഭാരവാഹികളെ തീരുമാനിക്കുന്നത് ഉചിതമല്ലെന്നും മുരളീധരൻ പറഞ്ഞു. . അന്തിമ തീരുമാനമെടുക്കും മുമ്പ് എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് മുല്ലപ്പള്ളി ഉറപ്പ് നൽകി. എല്ലാ മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരും നിർദ്ദേശിക്കുന്ന ഒരാളെ വീതം ഭാരവാഹിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഘടനാകാര്യങ്ങളിലെ ആശങ്കയാണ് മുരളീധരൻ പങ്കുവച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സിയുമായോ താനുമായോ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല. ചില കാര്യങ്ങളിലുള്ള അതൃപ്തി പരിഹരിക്കാവുന്നതേയുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.
മുരളീധരനടക്കം എല്ലാവരുമായും കൂടിയാലോചിച്ചേ പുന:സംഘടനാ കാര്യത്തിൽ മുന്നോട്ട് പോകൂവെന്ന് രാവിലെ രാജീവ്ഗാന്ധി അനുസ്മരണച്ചടങ്ങിന് ശേഷം വാർത്താലേഖകരോട് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. മുരളീധരന് പരാതിയുണ്ടാവേണ്ട കാര്യമില്ല. രാഷ്ട്രീയകാര്യ സമിതിയിൽ എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. കഴിഞ്ഞ യോഗം രാത്രി 11മണി വരെയാണ് ചേർന്നത്. കെ. സുധാകരനും വി.ഡി. സതീശനുമുൾപ്പെടെയുള്ളവർ പങ്കെടുത്തതാണ്.. മുരളീധരനുമായി എല്ലാ കാര്യങ്ങളിലും ആശയവിനിമയം നടത്താറുണ്ട്. മുരളീധരൻ കത്ത് നൽകിയതിനെപ്പറ്റി ചോദിച്ചപ്പോൾ, സംഘടനയിൽ ചില അച്ചടക്കം പാലിക്കേണ്ടതിനാൽ അത്തരം കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. മാനദണ്ഡങ്ങൾ തീരുമാനിക്കാതെയും ആവശ്യമായ കൂടിയാലോചനകളില്ലാതെയുമുള്ള പുന:സംഘടനാ നീക്കത്തിൽ അതൃപ്തി വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം മുരളീധരൻ പ്രസിഡന്റിന് കത്ത് നൽകിയത്.