kovalam

കോവളം: വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വെങ്ങാനൂർ വി.പി.എച്ച്.എസ് സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസ് മുറികൾ ആധുനികവത്കരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്. കുട്ടികളുടെ അക്കാഡമിക മികവ് വർദ്ധിപ്പിക്കുന്നതിനൊപ്പം അവരിൽ മതനിരപേക്ഷതയും ജനാധിപത്യബോധവും വളർത്തിയെടുക്കണമെങ്കിൽ ക്ലാസ് മുറികൾ സ്മാർട്ടാവണം. എങ്കിൽ മാത്രമേ ലോകത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരാൻ അവർക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മലങ്കര കത്തോലിക്ക സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് അദ്ധ്യക്ഷനായിരുന്നു. പാറശാല രൂപതാദ്ധ്യക്ഷൻ ബിഷപ്പ് തോമസ് യൗസേബിയോസ്, എം. വിൻസെന്റ് എം.എൽ.എ, റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, വാർഡ് കൗൺസിലർ പി. സന്തോഷ്‌കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പി. വിൻസെന്റ്, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. കലാദേവി, ജയകുമാർ, എൻ. രാമകൃഷ്ണൻ നായർ, ബർലിൻ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.