തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്ത് വഫ ഫിറോസിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് മൂന്നു മാസത്തേക്കു സസ്‌പെൻഡ് ചെയ്തു. തുടർച്ചയായി ഗതാഗതനിയമം ലംഘിച്ചതിനാണ് സസ്‌പെൻഷൻ. മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറപകടത്തിൽ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് തിങ്കളാഴ്ച ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
നിയമവിരുദ്ധമായി കാറിന്റെ പിറകിലും സൈഡിലുമുള്ള വിൻഡോ ഗ്ലാസുകളിൽ കറുത്ത സൺഫിലിം ഒട്ടിച്ച് കവടിയാർ ഭാഗത്തു കൂടി വേഗതപരിധി ലംഘിച്ചും അപകടകരമായും അശ്രദ്ധയോടെയും പലതവണ വണ്ടി ഓടിച്ചുവെന്ന് വഫയ്ക്കുള്ള സസ്പെൻഷൻ നോട്ടീസിൽ പറയുന്നു. തെറ്റുകാരിയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പലതവണ ഉദ്യോഗസ്ഥർ നോട്ടീസുമായി വഫയുടെ പട്ടം മരപ്പാലത്തെ വീട്ടിൽ പോയിരുന്നു. കാണാത്തതിനാൽ വാതിൽക്കൽ നോട്ടീസ് പതിച്ചു. നോട്ടീസ് കണ്ട വഫ അതിൽ കാണിച്ച പിഴ ഓൺലൈൻ വഴി അടച്ചു. എന്നാൽ നോട്ടീസിൽ പറഞ്ഞതനുസരിച്ച് ലൈസൻസ് അയോഗ്യമാക്കാതിരിക്കുന്നതിന് വിശദീകരണം നിശ്ചിത സമയത്തിനുള്ളിൽ നൽകിയില്ല.