തിരുവനന്തപുരം: ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാതെ ജനങ്ങളെ നെട്ടോമോടിച്ച് നഗരസഭാ ജീവനക്കാർ. ഉള്ളൂർ സോണൽ ഓഫീസിലാണ് ഒരുമാസത്തിലേറെയായി ഫയലുകൾ കെട്ടിക്കിടക്കുന്നത്. ചിങ്ങമാസത്തിൽ വീടുകളുടെ നിർമ്മാണം തുടങ്ങുന്നതിനായി നേരത്തെ നൽകിയ അപേക്ഷകൾ ഉൾപ്പെടെ തീർപ്പാക്കാത്ത സ്ഥിതിയാണ്. ഉള്ളൂർ, മണ്ണന്തല, ആക്കുളം, നാലാഞ്ചിറ, ഇടവക്കോട്, ചെറുവയ്ക്കൽ എന്നീ ആറ് വാർഡുകൾ ഉൾപ്പെടുന്ന സോണലിൽ മൂന്നു വാർഡുകളുടെ വീതം ചുമതല രണ്ട് ക്ലാർക്കുമാർക്കാണ് നൽകിയിട്ടുള്ളത്. അടുത്തിടെയായി ഇതിൽ ഒരു ക്ലാർക്ക് മാത്രമാണ് കൃത്യമായി ജോലിക്കെത്തുന്നത്. മണ്ണന്തല, നാലഞ്ചിറ, ഇടവക്കോട് വാർഡുകളുടെ ചുമതലയുള്ള ക്ലാർക്ക് പ്രവൃത്തിദിവസത്തിൽ എപ്പോഴെങ്കിലും വന്ന് ഫയലുകളുമായി മടങ്ങുകയാണ് പതിവെന്നാണ് ആരോപണം. കൊണ്ടുപോകുന്ന ഫയലുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഏകദിന പെർമിറ്റു പോലും നിലച്ച സ്ഥിതിയാണ്. ഏകദിന പെർമിറ്റ് നൽകേണ്ട ദിവസമായ ഇന്നലെ അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരും ഓഫീസിലെത്തിയില്ല. ഇതോടെ അപേക്ഷർ ജീവനക്കാരോട് തട്ടിക്കയറുന്ന സ്ഥിതിയുമുണ്ടായി. സംഭവസമയം ചാർജ് ഓഫീസറും മറ്റു രണ്ട് ജീവനക്കാരുമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. കൗൺസിലർമാരോടു പോലും അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥർ ഉള്ളൂർ സോണലിലുണ്ടെന്ന ആക്ഷേപം പല യോഗങ്ങളിലും കൗൺസിലർമാർ ഉന്നയിച്ചിട്ടുണ്ട്. കൃത്യസമയത്ത് ഫയൽ തീർപ്പാകെ ഒടുവിൽ തടസവാദങ്ങൾ ഉന്നയിച്ച് ഫയൽ മടക്കി വിടുകയാണ് ഉദ്യോഗസ്ഥരുടെ പതിവ്. ഇതോടെ അദാലത്തിലെത്തി ഫയലുകൾ തീർപ്പാക്കേണ്ട സ്ഥിതിയാണ് ജനങ്ങൾക്കുള്ളത്. പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥരെ നല്ലപാഠം പഠിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.