നിയമനിർമ്മാണം നടത്തണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്
അക്രമത്തിൽ യൂണിയൻ അംഗങ്ങൾക്ക് പങ്കുണ്ടെങ്കിൽ യൂണിയൻ പിരിച്ചു വിടണം
തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനകളെ കാമ്പസുകളിൽ കർശനമായി നിയന്ത്റിക്കുന്നതിന് സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനിൽ റിപ്പോർട്ട് നൽകി.
കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്റിക്കണം. ജനാധിപത്യം അനുശാസിക്കുന്ന സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും ഉറപ്പ് വരുത്തുന്ന നിയമാവലിക്കുള്ളിൽ നിന്ന് സംഘടനാ പ്രവർത്തനം നടത്താമെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാർത്ഥി യൂണിയൻ നേതാക്കളുടെ മാനസിക പീഡനം ആരോപിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി കാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ഡോ. അജിത .പി.എസ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിലെ മറ്റ്
ശുപാർശകൾ :
കോളേജുകളിൽ പരാതി പരിഹാര സെല്ലും, റാഗിംഗ് വിരുദ്ധ, അച്ചടക്ക, അക്കാഡമിക്, ഹാജർ നിരീക്ഷണ കമ്മിറ്റികളും ക്ലാസ്
തലത്തിൽ അദ്ധ്യാപക- രക്ഷാകർതൃ സമിതിയും രൂപീകരിക്കണം .കൗൺസലിംഗ് സെന്ററുകൾ സ്ഥാപിക്കണം.
പ്രിൻസിപ്പൽ നിയമനം ജൂൺ ആദ്യം നടത്തണം. 15ൽ കൂടുതൽ പഠന വകുപ്പുകളുണ്ടെങ്കിൽ രണ്ട് വൈസ്
പ്രിൻസിപ്പൽമാരെ നിയമിക്കണം.
കാമ്പസ് രാഷ്ട്രീയം കർശന നിയന്ത്റണത്തോടെ തുടരാം. ലിംഗ്‌ദോ കമ്മിറ്റി ശുപാർശകൾ കോളേജുകൾക്ക് സ്വയം നടപ്പിലാക്കാം. വൈകിട്ട് 5ന് ശേഷം കാമ്പസിൽ വിദ്യാർത്ഥികൾ നിൽക്കരുത്. വൈകിട്ട് 6ന് ശേഷം പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ കാമ്പസിൽ ആരും പ്രവേശിക്കരുത്. പരീക്ഷാ ഹാൾ, പ്രിൻസിപ്പൽ ചേംബർ, ഓഫീസ്, പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിസി. ടിവി സ്ഥാപിക്കണം. പഠനം പൂർത്തിയാക്കിയവരെ കോളേജിൽ തുടരാൻ അനുവദിക്കരുത്.
കോളേജ് യൂണിയൻ പ്രവർത്തന വൈകല്യം സ്റ്റാഫ് അഡ്വൈസറുടെ കാര്യക്ഷമതയില്ലായ്മയായി കണക്കാക്കി നടപടിയെടുക്കണം. കലാ, കായിക പരിപാടികളുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ യൂണിയൻ അംഗങ്ങൾക്ക് പങ്കുണ്ടെങ്കിൽ യൂണിയൻ പിരിച്ചുവിടണം. കോപ്പിയടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം.
യു.ജി.സി നിർദ്ദേശമനുസരിച്ച് അദ്ധ്യാപകർ ആഴ്ചയിൽ 40 മണിക്കൂർ കാമ്പസിലുണ്ടാകണം. സെമസ്റ്റർ പരീക്ഷ, റിസൾട്ട് എന്നിവയിലെ കാലതാമസം സർവകലാശാലയുടെ വീഴ്ചയായി കണക്കാക്കണം.
ശുപാർശകൾ സർക്കാർ
നടപ്പാക്കണം: കമ്മിഷൻ
കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിലെ ശുപാർശകളെല്ലാം നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിനോട് ആവശ്യപ്പെട്ടു.
കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കാൻ കോളേജ് അധികൃതർക്ക് സ്വാതന്ത്റ്യമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണം. കാമ്പസിൽ ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ കുട്ടികൾ നടത്തുന്ന യോഗങ്ങൾ നിരോധിക്കാൻ കോളേജ് അധികൃതർക്ക് സ്വാതന്ത്റ്യമുണ്ടെന്ന് 2003ലെ ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്.