വിഴിഞ്ഞം: വിഴിഞ്ഞം വലിയവിള മുസ്ലിം കോളനിയിൽ വീട്കത്തിനശിച്ചു. ആളപായമില്ല.3 ലക്ഷം രൂപയുടെ നഷ്ടം. വലിയവിള മുസ്ലിം കോളനിയിൽ സെയ്ദ് മുഹമ്മദിന്റെ വീടാണ് കത്തി നശിച്ചത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീട് പൂർണമായും കത്തിനശിച്ചു.സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഫയർഫോഴ്സ് പുറത്തേക്ക് മാറ്റി. ഒരെണ്ണത്തിൽ ചോർച്ച ഉണ്ടായിരുന്നെന്ന് ഫയർഫോഴ്സ് പറഞ്ഞു. തീപിടിത്ത കാരണം വ്യക്തമല്ല. അരി പാചകം ചെയ്ത ശേഷം തുണിയുടെ പുറത്ത് എടുത്ത് വച്ചിട്ട് കടയിൽ പോയതായി വീട്ടുകാർ പറഞ്ഞതായി സേനാധികൃതർ പറഞ്ഞു. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന ഇവരുടെ മക്കളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്ന രേഖകളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. സ്റ്റേഷൻ ഓഫീസർ ടി.രാമമൂർത്തിയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, ലീഡിംഗ് ഫയർമാൻ ഷാജി, ഫയർമാൻമാരായ അരുൺകുമാർ, അനീഷ്, പ്രശാന്ത്, മഹേഷ് ഡ്രൈവർ ടോണി ബെർണാഡ്, ഹോം ഗാർഡ് രാജശേഖരൻ, അജികുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിഴിഞ്ഞം വലിയ വിള മുസ്ലിം കോളനിയിൽ വീട് കത്തുന്നതിനിടെ കത്തിനശിച്ച സെയ്ദ് മുഹമ്മദിന്റെ രണ്ടു മക്കളുടെയും പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും വിഴിഞ്ഞം ഫയർഫോഴ്സ് സേനാംഗങ്ങൾ വാങ്ങി നൽകുമെന്ന് അധികൃതർ അറിയിച്ചു.