ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്നത് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. മുതലപ്പൊഴിയിലെ അഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണൽത്തിട്ടകളിൽ തട്ടി തിര ശക്തമാകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അശാസ്ത്രീയമായി ഈ ഭാഗത്ത് നിർമ്മിച്ച പുലിമുട്ട് നേരത്തെ നീക്കം ചെയ്‌തിരുന്നു. വെള്ളത്തിൽ ഇട്ടിരുന്ന വലിയപാറ മാത്രമാണ് നീക്കം ചെയ്‌തതെന്നും ചെറിയ പാറകൾ ഇപ്പോഴും അഴിമുഖത്തുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പാറയിൽ മണലടിഞ്ഞ് മണൽത്തിട്ട വേഗത്തിൽ രൂപപ്പെടുന്നതാണ് അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2004ലാണ് ഇവിടെ പുലിമുട്ടുകൾ നിർമ്മിച്ചത്. വിവിധ തയ്യാറെടുപ്പുകൾ നടത്തിയാണ് മത്സ്യത്തൊഴിലാളികൾ പലപ്പോഴും അഴിമുഖം കടക്കുന്നത്. കടലിൽ നിന്ന് തിര കായലിലേക്ക് പ്രവേശിച്ച് കഴിയുംവരെ ബോട്ടിന്റെ വേഗത കുറച്ചശേഷം പുതിയ തിരയെത്തുന്നതിന് മുമ്പ് കടലിലേക്ക് പ്രവേശിക്കുകയാണ് പതിവ്. മത്സ്യത്തൊഴിലാളികൾക്ക് പോലും നീന്തി രക്ഷപ്പെടാനാകാത്ത വിധം തിരയടി ശക്തമാകുന്നതും സമീപത്തെ പാറകളിൽ ചെന്ന് ഇടിക്കുന്നതുമാണ് മരണം സംഭവിക്കാൻ കാരണമെന്ന് ഇവർ പറയുന്നു. മുതലപ്പൊഴിയിലെ ഈ പ്രശ്‌നങ്ങൾക്ക് അടിയന്തരപരിഹാരം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.
അപകടങ്ങൾ പതിവാകുന്നു
അപ്രതീക്ഷിത തിരയിൽ അകപ്പെട്ടാണ് മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജിൽ റോക്കി ബെഞ്ചിനോസ് (57), അഞ്ചുതെങ്ങ് പഞ്ചായത്തോഫീസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ലാസർ തോമസ് (55) എന്നിവർ ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്. രണ്ടു ദിവസങ്ങൾക്ക് മുമ്പും മുതലപ്പൊഴിയിൽ ബോട്ടപകടമുണ്ടായി. അന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പലർക്കും രക്ഷപ്പെടാനായത്.
സുരക്ഷാ മുൻകരുതലുകളില്ല
അപകടങ്ങൾ പതിവായിട്ടും കടലിൽ പോകുമ്പോൾ ധരിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികൾ പാടെ അവഗണിക്കുകയാണ് പതിവെന്ന് തീരസുരക്ഷാസേനയും ഫിഷറീസ് വകുപ്പും പറയുന്നു.
തിരിച്ചടിയായത് അശാസ്ത്രീയ നിർമ്മാണം
മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ കൊലക്കളമായി മാറിയതോടെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് ഇടയ്ക്കിടയ്ക്ക് ഡ്രഡ്‌ജിംഗ് നടത്തും. ഒടുവിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി ബാർജുകൾ അടുപ്പിക്കാൻ നിർമ്മിക്കുന്ന വാർഫിന്റെ സൗകര്യാർത്ഥം കല്ലുകൾ നീക്കം ചെയ്‌ത് ആഴംകൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതും എങ്ങുമെത്താതെ പോയി.