വിതുര: പൊൻമുടി,ബോണക്കാട് വനമേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് വാമനപും നദി നിറഞ്ഞാഴുകുമ്പോഴും നദിയുടെ ഒാരത്ത് അധിവസിക്കുന്നവർ കുടിവെള്ളത്തിനായി പരക്കം പായുന്നു. വിതുര പഞ്ചായത്തിലെ കോട്ടിയത്തറ,കൊപ്പം,താലൂക്ക് ആശുപത്രി ജംഗ്ഷൻ,മൂസാവരി മേഖലകളിൽ അധിവസിക്കുന്നവരാണ് കുടിനീരിനായി പരക്കം പായുന്നത്.ഇൗ മേഖലയിൽ താമസിക്കുന്നവർ പൈപ്പ് വെള്ളത്തിനെയാണ് കൂടുതലും ആശ്രയിക്കുന്നത്. നാല് ദിവസമായി പൈപ്പ് തുറന്നാൽ ശീൽക്കാരശബ്ദം മാത്രമാണ് കേൾക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.കുടിവെള്ള വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടിക്ക് അനവധി തവണ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജനം കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ മിക്ക ഭാഗത്തും പൈപ്പുകൾ പൊട്ടി വ്യാപകമായി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. ചില മേഖലകളിൽ പൈപ്പ് പൊട്ടി റോഡിൽ നിറയെ ജലം കെട്ടികിടക്കുന്നതും കാണാം. തൊണ്ട നനയ്ക്കാൻ ഒരിറ്റ് ജലം തരൂ എന്ന മുദ്രാവാക്യം ഉയർത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച വിതുര - തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂർത്തിയാക്കിയിട്ടില്ല. വിതുര പഞ്ചായത്തിൽ പണി പൂർത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തിൽ 32 കോടി രൂപ ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കാൻ കഴിയൂ. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്ന് നബാർഡിൽ നിന്ന് ഫണ്ട് അനുവദിക്കാൻ തീരുമാനമായി. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് പഞ്ചായത്ത് തീരുമാനം. പണി പൂർത്തിയായാൽ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.