തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ ദേശീയപാതാ അതോറിട്ടിക്ക് കിഫ്‌ബി 5200 കോടി രൂപ നൽകും. വിവിധ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാൻ അനുവദിച്ച 14,275.17 കോടിയിൽ നിന്നാവും ദേശീയപാതയ്‌ക്കും പണം നൽകുക. അതോറിട്ടി ആവശ്യപ്പെടുന്നപോലെ ഘട്ടം ഘട്ടമായോ ഒരുമിച്ചോ പണം നൽകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ടുദിവസമായി നടന്ന കിഫ്ബി യോഗങ്ങളിൽ 1,744 കോടി രൂപയുടെ 36 പദ്ധതികൾ അംഗീകരിച്ചു. കണ്ണൂർ സൗത്ത് ബസാറിൽ ഫ്‌ളൈഓവറിന് 130 കോടിയും കണ്ണൂരിൽ ദേശീയപാത 66ലെ ഒരു കിലോമീറ്ററോളം എലിവേറ്റഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 67 കോടിയും അനുവദിച്ചു. ചില താലൂക്ക് ആശുപത്രികൾക്കും കൊല്ലത്ത് ആധുനിക ഇൻഡോർ സ്‌റ്റേഡിയത്തിനും പട്ടാമ്പിയിൽ മിനി സ്‌റ്റേഡിയത്തിനും തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനും പള്ളിപ്പുറം ഇൻഫോപാർക്ക് റോഡിനും അംഗീകാരം നൽകി.
കിഫ്ബി ഇതുവരെ
45,380.37 കോടിയുടെ 588 പദ്ധതികൾ അംഗീകരിച്ചു
31,105.20 കോടി പദ്ധതികൾക്ക്
14,275.17 കോടി ഭൂമി ഏറ്റെടുക്കാൻ
10,600 കോടിയുടെ 315 പദ്ധതികൾ ടെൻഡർ ചെയ്തു.
7.031 കോടിയുടെ 228 പദ്ധതികൾ ആരംഭിച്ചു.
നിർവഹണം ഇഴയുന്നു: മന്ത്രി ഐസക്
കിഫ്ബി പദ്ധതികൾ അനുവദിക്കുന്നതിൽ വേഗമുണ്ടെങ്കിലും നിർവഹണത്തിന് വേഗതയില്ല. അത് പരിഹരിക്കാൻ കിഫ്ബി തന്നെ നിർവഹണ ഏജൻസികൾക്ക് സാങ്കേതിക സഹായം നൽകും. പദ്ധതികൾ തീർത്താൽ പണം നൽകാൻ തടസവുമില്ല. കരാറുകാർക്ക് 2,300 കോടി നൽകിക്കഴിഞ്ഞു. സർക്കാർ കിഫ്ബിക്ക് മൊത്തം 6,830 കോടി അനുവദിച്ചിട്ടുണ്ട്. വായ്പകളും മറ്റുമായി 11,000 കോടി കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും മറ്റുമായി 10,000 കോടി തയ്യാറാണ്. ആവശ്യം വരുമ്പോൾ തടസമില്ലാതെ ഫണ്ട് ലഭ്യമാക്കും. സർക്കാർ ഗ്രാന്റ് കൊണ്ട് തന്നെ 15 വർഷങ്ങൾക്കുള്ളിൽ ഈ പണമെല്ലാം തിരിച്ചടയ്ക്കാനാകും. 25% പദ്ധതികൾക്ക് മുടക്കുന്ന പണം തിരിച്ചുനൽകും. ഈ വർഷത്തോടെ 30,000 കോടിയുടെ പദ്ധതികൾ പ്രവൃത്തിപഥത്തിൽ എത്തും. അടുത്തവർഷമാകുമ്പോൾ 50,000 കോടിയുടെ പദ്ധതികൾ തുടങ്ങും.