mbbs-admission

തിരുവനന്തപുരം: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കാൻ അധികസമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ ഇന്ന് ഡൽഹിയിൽ ചേരുന്ന മെഡിക്കൽ കൗൺസിൽ യോഗം തീരുമാനമെടുത്തേക്കും. ആഗസ്റ്റ് 31വരെ സമയം നീട്ടിനൽകാനാണ് സാദ്ധ്യത. മദ്റാസ് ഹൈക്കോടതിയിൽ കേസ് നിലനിന്നതിനാലാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ 35 എം.ബി.ബി.എസ് സീറ്റുകളിൽ അനിശ്ചിതത്വമുണ്ടായത്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വൻ ഫീസുള്ള സീറ്റുകൾ ലഭിച്ച നിരവധി വിദ്യാർത്ഥികൾക്ക് ഇ.എസ്.ഐ ക്വോട്ടയിൽ സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പ്രവേശന നടപടികൾ പൂർത്തിയായതിനാൽ ഈ വിദ്യാർഥികൾക്ക് നിലവിൽ പ്രവേശനം നേടിയ സീ​റ്റുകൾ ഉപേക്ഷിക്കാനാകില്ല. സീറ്റ് വേണ്ടെന്നുവച്ചാൽ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം അഞ്ചുവർഷത്തെ ഫീസിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകണം. ഇ.എസ്.ഐ ക്വോട്ട നികത്തുന്നതിലൂടെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഒഴിവു വരുന്ന സീ​റ്റുകൾ നികത്താൻ ആഗസ്​റ്റ് 31 വരെയെങ്കിലും സമയം വേണമെന്നാണ് ആരോഗ്യ സെക്രട്ടറി മെഡിക്കൽ കൗൺസിലിന് കത്തു നൽകിയത്. കൗൺസിലിന്റെ നിർദ്ദേശാനുസരണം 18 ന് സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം പൂർത്തിയാക്കിയിരുന്നു.