consumerfed-

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് വില കുറച്ച് വിൽക്കുന്നതിന് സപ്ളൈകോ വഴി ഭക്ഷ്യവകുപ്പ് എത്തിക്കുന്നത് 45,000 ടൺ അരി. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഏൽപ്പിച്ച ആഘാതം ഓണ വിപണിയെ ബാധിക്കില്ല. സബ്സിഡി നിരക്കിൽ (കിലോയ്ക്ക് 25 രൂപ) ഒരാൾക്ക് അഞ്ച് കിലോ അരി വാങ്ങാം. ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവ ലഭ്യതയനുസരിച്ച് രണ്ട് കിലോഗ്രാം വീതം സബ്സിഡി നിരക്കിൽ നൽകും..

അടുത്ത മാസം ഒന്നു മുതൽ പത്ത് വരെ ഓണച്ചന്തകൾ പ്രവർത്തിക്കും. 14 ജില്ലാ കേന്ദ്രങ്ങൾക്കും 75 താലൂക്ക് കേന്ദ്രങ്ങൾക്കും പുറമെ 71 ഓണം മാർക്കറ്റുകളും 21 സ്പെഷ്യൽ മിനി മാർക്കറ്റുകളും തുറക്കും. 935 മാവേലി സ്റ്റോറുകൾ, 448 സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ സപ്ലൈകോയുടെ 1569 വിൽപ്പനശാലകളിലും ഓണക്കച്ചവടത്തിനുള്ള അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും എത്തിക്കും.

ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെ ഓണച്ചന്തകളിൽ നിന്ന് വിലക്കുറവിൽ പ്രമുഖ ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ വാങ്ങാനുളള സൗകര്യവും ഒരുക്കും.

ജില്ലാ കേന്ദ്രങ്ങളിലെ ഓണംഫെയറിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, ഹാൻടക്സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ് പ്രോ‌ഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കും. ഫുഡ് കോർട്ടും തുറക്കും.

''ഓണത്തിന് കൃത്രിമ വിലക്കയറ്റം, കൃത്രിമക്ഷാമം എന്നിവയ്ക്കുള്ള എല്ലാ സാദ്ധ്യതയും സർക്കാർ ഇല്ലാതാക്കും'

'- ഭക്ഷ്യമന്ത്രി പി.തിലോത്തമൻ