തിരുവനന്തപുരം: പൊലീസ് ബറ്റാലിയനുകളിലേക്ക് ഉൾപ്പെടെ കൂടുതൽ ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷകൾ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന കാര്യം പി.എസ്.സി ആലോചിക്കുന്നു. പി.എസ്.സി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെപ്പപറ്റി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.
നിലവിൽ 15 ലക്ഷത്തോളം പേർ എഴുതുന്ന എൽ.ഡി.സി പരീക്ഷകൾ വിവിധ ഘട്ടങ്ങളിലായാണ് പി.എസ്.സി നടത്തുന്നത്. ഈ മാതൃകയിൽ ലാസ്റ്റ് ഗ്രേഡ് അടക്കം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷകളാവും വ്യത്യസ്ത ഘട്ടങ്ങളിലായി നടത്തുക. ഇതിന്റെ ആദ്യപടിയായി, സംസ്ഥാനത്ത് വനിതാ ബറ്റാലിയനിലടക്കം എട്ട് പൊലീസ് ബറ്റാലിയനിലേക്ക് ഒറ്റ ദിവസംകൊണ്ട് നടത്തിയിരുന്ന ഒ.എം.ആർ പരീക്ഷ ഇനി വിവിധ ഘട്ടങ്ങളിലായി നടത്താൻ ധാരണയായി. കൂടുതൽ പേർ എഴുതുന്ന പരീക്ഷകൾ വിവിധ ദിവസങ്ങളിലായി നടത്തണമെന്ന് പി.എസ്.സി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരുടെയും നിരീക്ഷകരുടെയും സാന്നിദ്ധ്യം ഉറപ്പിക്കാൻ ഇത് സഹായകമാകും. പി.എസ്.സി അഡിഷനൽ ചീഫ് സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് ഒാരോ കേന്ദ്രത്തിലും പരീക്ഷ നടത്തേണ്ടത്. എന്നാൽ വിവാദത്തിലായ പൊലീസ് ബറ്റാലിയൻ പരീക്ഷയിൽ 70 ശതമാനം കേന്ദ്രങ്ങളിലും പി.എസ്.സി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലായിരുന്നു. ആറര ലക്ഷം പേരാണ് ഈ പരീക്ഷ എഴുതിയത്.
ഡ്രസ് കോഡിനും
നിർദേശം
പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കണമെന്നും ഉദ്യോഗാർത്ഥികൾക്ക് എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷാ മാതൃകയിൽ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും ഹാളിൽ പ്രവേശിക്കുന്നവരെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമുള്ള നിർദേശവും കമ്മിഷൻ അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ എല്ലാ അംഗങ്ങളും ഇതിന് അനുകൂലമല്ല. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പിലാക്കുക. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.