തിരുവനന്തപുരം: അടുത്തടുത്തുണ്ടായ പ്രളയം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ വളരെ ഗുരുതരമായി ബാധിച്ചുവെന്ന് മന്ത്രി ഡോ: തോമസ് ഐസക്ക്. ഇന്ത്യൻ സമ്പദ്ഘടനയിൽ പൊതുവേ മാന്ദ്യത്തിലായ സംസ്ഥാനത്തിന്റെ സ്ഥിതി ഈ പ്രളയത്തോടെ രൂക്ഷമാകും. ഇതിന് കുടുതൽ ഉത്തേജനപാക്കേജാണ് വേണ്ടത്. ഈ സാഹചര്യത്തിൽ വായ്പാപരിധി വർദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇതുവരെ അനുകൂലമായി പ്രതികരിക്കാത്ത കേന്ദ്രസർക്കാർ സംസ്ഥാനത്തെ വായ്പാപരിധിയിൽ 5,500 കോടി രൂപ വെട്ടിക്കുറച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുതൽ സഹായിച്ചില്ലെങ്കിലും ഉള്ളതെങ്കിലും തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുമെന്നും ഐസക്ക് വ്യക്തമാക്കി.
2016-17ൽ കേരളത്തിന്റെ ട്രഷറി അക്കൗണ്ടിൽ 6000 കോടിരൂപയുണ്ടായിരുന്നത് പബ്ലിക്ക് അക്കൗണ്ടസ് വഴി സംസ്ഥാനത്തിന് ലഭിച്ചതാണെന്ന് പറഞ്ഞാണ് വായ്പവെട്ടിക്കുറച്ചത്. സാധാരണ ഇത്തരത്തിൽ കിടക്കുന്ന ഫണ്ടുകൾ മൂലധനമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ബി.ജെ.പി സർക്കാരാണ് ഇതിനെ ആദ്യമായി വായ്പയായി കണ്ട് നമ്മുടെ പരിധി വെട്ടിക്കുറച്ചത്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് പലതവണ കത്തെഴുതിയെങ്കിലും ഒരു മറുപടിയും നൽകിയിട്ടില്ല.
റീബിൽഡ് കേരള എടുക്കുന്ന വായ്പകളെക്കുറിച്ച് ജി.എസ്.ടി കൗൺസിൽ ബീഹാറിലെ ധനമന്ത്രിയായ ബി.ജെ.പി നേതാവ് സുശീൽകുമാർ മോഡിയുടെ അദ്ധ്യക്ഷതയിലുള്ള മന്ത്രിതല സമിതി ചർച്ചചെയ്തിരുന്നു. ഇത്തരത്തിൽ പ്രകൃതിദുരന്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനായി എടുക്കുന്ന വായ്പകൾ സാധാരണവായ്പകൾക്ക് മുകളിലാകണമെന്ന റിപ്പോർട്ട് അവർ ജി.എസ്.ടി കൗൺസിലിൽ സമർപ്പിക്കുകയും അരുൺജെയ്റ്രിലി ഉൾപ്പെടെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.