പലിശ സംബന്ധിച്ച് തീരുമാനമായില്ല
തിരുവനന്തപുരം: നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ റബ്‌കോയ്ക്ക് സർക്കാർ നൽകുന്ന ധനസഹായം 12 വർഷത്തിനകം അടച്ച് തീർക്കണമെന്ന് ധാരണ. തിരിച്ചടവിന്റെ പലിശ സംബന്ധിച്ച തീരുമാനം കൂടി ഉണ്ടാകേണ്ടതുണ്ട്. അതിനുശേഷം തിരിച്ചടവ് സംബന്ധിച്ച അന്തിമധാരണാ പത്രം സർക്കാരും റബ്‌കോയും ഒപ്പുവയ്‌ക്കും.
നേരത്തെ സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നായി റബ്‌കോ എടുത്ത് വായ്പകൾക്ക് 18 ശതമാനം വരെ പലിശ ഉണ്ടായിരുന്നു. പുതിയ ധാരണപ്രകാരം സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് 10 ശതമാനത്തിൽ താഴെ പലിശ ഈടാക്കാനോ പലിശബാദ്ധ്യത ഒഴിവാക്കി കൊടുക്കാനോ ആണ് സാദ്ധ്യത. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് റബ്കോ, റബർഫെഡ്, മാർക്കറ്റ്ഫെഡ് എന്നിവയുടെ ബാദ്ധ്യത സർക്കാർ നേരിട്ട് അടയ്ക്കാമെന്ന് തീരുമാനിച്ചത്. പലിശ അടക്കമുള്ള കാര്യങ്ങളിൽ നിയമവകുപ്പിന്റെ അനുമതിയനുസരിച്ചാണു കരാറിൽ അന്തിമ തീരുമാനമുണ്ടാവുക. ഇതിനു ശേഷമേ തുക വായ്പ നൽകിയ ബാങ്കുകളിലേക്ക് സർക്കാർ കൈമാറൂ.
കേരള ബാങ്ക് രൂപീകരണം സാദ്ധ്യമാക്കാനാണ് റബ്‌കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്‌പാക്കുടിശിക അടച്ചു തീർക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്, കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് ഉന്നയിച്ച പ്രധാന തടസം സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടമായിരുന്നു.
₹306 കോടി
റബ്കോ, റബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങൾ 306.75 കോടി രൂപയാണ് ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകളിൽ അടയ്ക്കാനുള്ളത്. റബ്കോയുടെ 238.5 കോടി രൂപയും റബർമാർക്കിന്റെ 41 കോടി രൂപയും മാർക്കറ്റ് ഫെഡിന്റെ 27 കോടി രൂപയുമാണ് സർക്കാർ അടച്ചു തീർക്കുന്നത്.
''സാമ്പത്തിക ബാദ്ധ്യതയുണ്ടെങ്കിലും നാലുവർഷമായി റബ്‌കോ പ്രവർത്തന ലാഭത്തിലാണ്. 12 വർഷം കൊണ്ട് തുക അടച്ചുതീർക്കണമെന്ന വ്യവസ്ഥ പാലിക്കാൻ തയ്യാറാണ്. റബ്‌കോ ഉത്പന്നങ്ങൾക്ക് വിപണി സാദ്ധ്യതയുള്ളതിനാൽ പ്രതിസന്ധിയെ മറികടക്കാനാവും"",
എൻ. ചന്ദ്രൻ,
ചെയർമാൻ, റബ്‌കോ