ന്യൂഡൽഹി : ഐ.പി.എൽ സ്പോട്ട് ഫിക്സിംഗ് കേസിൽ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വിധിച്ചിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഓംബുഡ്‌സ്‌മാൻ ഡി.കെ. ജെയിൻ ഏഴുവർഷമായി വെട്ടിക്കുറച്ചു. 2013 സെപ്തംബർ 13 മുതൽ വിലക്കിൽ കഴിയുന്ന ശ്രീശാന്തിന് ഇതോടെ 2020 സെപ്തംബർ മുതൽ ബി.സി.സി.ഐയ്ക്ക് കീഴിലുള്ള മത്സരങ്ങൾ കളിക്കാനും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാനും കഴിയും.
2015ൽ ശ്രീശാന്തിനെ ഒത്തുകളിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് പുനസ്ഥാപിച്ചു. തുടർന്ന് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിക്കുകയും വിലക്ക് പുനഃപരിശോധിക്കാൻ സുപ്രീംകോടതി ബി.സി.സി.ഐ ഓംബുഡ്സ്‌മാനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടർന്നാണ് വിലക്ക് വെട്ടിക്കുറച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഓംബുഡ്സ്മാന്റെ വിധിയറിഞ്ഞ് 36 കാരനായ ശ്രീശാന്ത് പ്രതികരിച്ചത്.