തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ചികിത്സിച്ച ഡോക്ടർമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. ജനറൽ ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക പരിശോധനയ്ക്കുശേഷം ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരെയാകും ചോദ്യം ചെയ്യുക. പബ്ലിക് ഓഫീസിന് സമീപത്ത് അപകടം നടന്ന ശേഷം ശ്രീറാമിനെ പൊലീസ് ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകൾക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. എന്നാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെ നൽകിയ ചികിത്സകൾ സംബന്ധിച്ചും പരിശോധനകൾ സംബന്ധിച്ചും ഡോക്ടർമാരിൽ നിന്ന് വിവരം ശേഖരിക്കും. ചികിത്സാ രേഖകളും പരിശോധിക്കും. ശ്രീറാമിനെ ജയിലിൽ എത്തിച്ച ശേഷം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ മെഡിക്കൽ ബോർഡ് അംഗങ്ങളായവരിൽ നിന്നും ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ തേടും.