pozhiyoor

പാറശാല: കാക്കവിള ആർ.സി ചർച്ചിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കാക്കവിള ബി.എസ്.ഭവനിൽ ബിജുവിന്റെ ഭാര്യ ഷീജയുടെ നാലര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. തൃച്ചി പൊൻവിള സെന്തനീർപുരം വള്ളുതെരുവിൽ ജോൺപോൾ (27), ഇയാളുടെ ജ്യേഷ്ഠൻ ഫ്രാൻക്ലിൻ കുമാർ (32) എന്നിവരെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിന് പൊഴിയൂരിലെ ബന്ധുവീട്ടിൽ വന്ന ഇരുവരും സ്‌കൂട്ടറിൽ സഞ്ചരിച്ച് മാല പൊട്ടിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. റൂറൽ എസ്.പി പി.കെ.മധുവിന്റെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊഴിയൂർ പൊലീസ് ഇൻസ്‌പെക്ടർ ഒ.എ. സുനിൽ, എസ്.ഐ എം.ആർ.പ്രസാദ്, എ.എസ്.ഐ പ്രസാദ് കുമാർ, സി.പി.ഒ മാരായ ബിജു, വിമൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണമുതൽ വിൽക്കാൻ ശ്രമിക്കവേ തമിഴ്‌നാട്ടിലെ തൃച്ചിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. രണ്ടാം പ്രതിയായ ഫ്രാൻക്ലിൻ കുമാറിന്റെ പേരിൽ തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.