sreesanth
sreesanth

പുനർജനിയുടെ പടവിലെത്തിച്ചത് തോറ്റു പിൻമാറാൻ തയ്യാറല്ലാത്ത ശ്രീശാന്തിന്റെ ആത്മധൈര്യം

എല്ലാമവസാനിച്ചെന്ന് കരുതിയിടത്തു നിന്ന് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിട്ടുണ്ട് ശ്രീശാന്ത്, ഒന്നല്ല പല തവണ. പരിക്കുകളും വിവാദങ്ങളും നിറഞ്ഞു നിന്ന കരിയറിൽ ഓരോ പ്രതിസന്ധി വരുമ്പോഴും മാനസികമായി കൂടുതൽ കരുത്താർജിക്കുന്ന ശ്രീശാന്തിനെയാണ് കാണാൻ കഴിയുക. അതുകൊണ്ടാണ് 26 ദിവസം തിഹാർ ജയിലിലെ ഇരുട്ടറയിൽ ശ്വാസം മുട്ടിക്കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴും പതറാത്ത സ്വരത്തിൽ പറഞ്ഞത് : ഞാൻ കളിക്കളത്തിലേക്ക് തിരിച്ചുവരും.

നടക്കാത്ത സ്വപ്നമെന്ന് പലരും പറഞ്ഞു കളിയാക്കിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തുമെന്ന് ഉറക്കെപ്പറയുകയായിരുന്നു ശ്രീശാന്ത്. കോടതി മുറികളിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കയറിയിറങ്ങുമ്പോൾ ഒരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ല. പ്രായം കടന്നു പോകുമ്പോഴും ഒരു പേസ് ബൗളർക്ക് വേണ്ട ഫിറ്റ്‌നെസ് നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിച്ചു. ബി.സി.സി.ഐയുടെ കീഴിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കയറാൻ പോലും വിലക്കുള്ളപ്പോഴായിരുന്നു ഇത്. മറ്റാരായാലും തളർന്നു പോകുമായിരുന്നിടത്ത് കരളുറപ്പോടെ ശ്രീശാന്ത് നിന്നു. രാജസ്ഥാനിലെ രാജ കൊട്ടാരത്തിൽ നിന്ന് ദുരിത കാലത്തിലും പ്രണയാഗ്നി കൈവിടാതിരുന്ന ഭുവനേശ്വരി ജീവിത സഖിയായെത്തി. ശ്രീശാന്തിന് മാനസികമായി പിന്തുണ നൽകാൻ ഭാര്യ ഒപ്പം നിന്നു.

കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ആജീവനാന്ത വിലക്ക് നീക്കിയപ്പോൾ ശ്രീ ഏറെ സന്തോഷവാനായിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചപ്പോൾ സുപ്രീംകോടതി കയറി. ഒടുവിൽ ബി.സി.സി.ഐ ചുമത്തിയ വിലക്ക് അവർ തന്നെ വെട്ടിച്ചുരുക്കിയിരിക്കുന്നു. ശ്രീശാന്തിന്റെ ഈ വിജയത്തിന്റെ വലിപ്പമറിയണമെങ്കിൽ അന്ന് അദ്ദേഹത്തിനൊപ്പം വിലക്കപ്പെട്ട മറ്റ് താരങ്ങൾ എവിടെയെന്നുമാത്രം നോക്കിയാൽ മതി. ഇനിയൊന്നുമില്ല സാദ്ധ്യതയെന്ന് കരുതി അവർ മറ്റു വഴി നോക്കിയപ്പോൾ ശ്രീ തന്റെ ഒരേയൊരു ലക്ഷ്യത്തിനായി പൊരുതുകയായിരുന്നു. ആ നിരന്തര പോരാട്ടമാണ് വിജയവഴിയിലെത്തിയിരിക്കുന്നതും.

ക്രിക്കറ്റിൽ നിന്ന് വിലക്കപ്പെട്ടിരുന്ന കാലത്ത് കോടതിയും കേസുകളുമായി മാത്രം ഒതുങ്ങുകയായിരുന്നില്ല ശ്രീ. പാട്ടിലും ഡാൻസിലും സിനിമയിലും റിയാലിറ്റി ഷോയായ ബിഗ് ബോസിലുമൊക്കെ നിറഞ്ഞു നിന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥിയാകാനും തയ്യാറായി.

ഇപ്പോൾ 36 വയസായി ശ്രീശാന്തിന്. ഓംബുഡ്‌സ്മാൻ പറഞ്ഞതുപോലെ ഒരു ഫാസ്റ്റ് ബൗളറുടെ നല്ല പ്രായമൊക്കെ കഴിഞ്ഞു. പക്ഷേ ഇത് ശ്രീശാന്തായത് കൊണ്ടുമാത്രം അത്ഭുതങ്ങൾ സംഭവിച്ചുകൂടായ്കയില്ല. 37-ാം വയസിൽ ഫി‌റ്റ്‌നസ് തെളിയിച്ച് ശ്രീശാന്ത് മടങ്ങിയെത്തിയാൽ കേരള ക്രിക്കറ്റ് അസോസിയേഷന് ടീമിലെടുക്കാതിരിക്കാനാവില്ല. കേരളത്തിന് വേണ്ടി രഞ്ജിയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ നീതിമാനായ ദേശീയ സെലക്ടർക്ക് കണ്ണടയ്ക്കാനുമാകില്ല. ശ്രീ തന്റെ വാക്കു പാലിക്കുന്നതിന് വേണ്ടി കാത്തിരിക്കാം.

36

ശ്രീശാന്തിന്റെ ഇഷ്ട നമ്പരാണ് 36. ഏക ദിനത്തിലെ ജഴ്സി നമ്പരായിരുന്നു 36. എസ് 36 എന്ന പേരിലാണ് ബാൻഡ് തുടങ്ങിയത്. സോഷ്യൽ മീഡിൽ അക്കൗണ്ടിലും 36 ഉണ്ട്. ഇപ്പോൾ പ്രായം 36. ജീവിതത്തിൽ തിരിച്ചുവരവിന്റെ ആശ്വാസം പകരുന്ന വിധി വന്നിരിക്കുന്നത് പ്രായം ഭാഗ്യ നമ്പരിലെത്തിയപ്പോൾ.

ശ്രീശാന്ത് കരിയർ

27 ടെസ്റ്റുകൾ 87 വിക്കറ്റുകൾ

53 ഏക ദിനങ്ങൾ 75 വിക്കറ്റുകൾ

10 ട്വന്റി 20കൾ 7 വിക്കറ്റുകൾ

ശ്രീശാന്ത് കേസ് ഇങ്ങനെ

2013 മേയ്

നാണ് ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് താരങ്ങളായ അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവരെ ശ്രീശാന്തിന്റെ സുഹൃത്തായ ജിജു ജനാർദ്ദനനടക്കം 10 ബുക്കികൾക്കൊപ്പം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

26

ദിവസമാണ് ശ്രീശാന്ത് തിഹാർ ജയിലിൽ കഴിഞ്ഞത്. ജയിൽവാസത്തിനിടെ തനിക്കെതിരെ വധശ്രമമുണ്ടായതായി ശ്രീശാന്ത് ആരോപിച്ചിരുന്നു.

2013 സെപ്തംബർ

ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് വിധിക്കുന്നു. അങ്കിത് ചവാനും ഇതേ ശിക്ഷ തന്നെ ലഭിച്ചു.

2015 ജൂലായ്

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിഷൻ

ഐ.പി.എൽ ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സിനും രാജസ്ഥാൻ റോയൽസിനും രണ്ട് വർഷത്തെ വിലക്ക് വിധിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം ഡൽഹി കോടതി ശ്രീശാന്ത് അടക്കം 35 പേരെ സ്പോട്ട് ഫിക്സിംഗ് കേസിൽ കുറ്റവിമുക്തരാക്കുന്നു. തുടർന്ന് വിലക്ക് നീക്കാൻ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിക്കുന്നു.

2017 ആഗസ്റ്റ്

ശ്രീശാന്തിന് മേൽ ബി.സി.സി.ഐ ചുമത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്‌രി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു.

2017 ഒക്ടോബർ

ഡിവിഷൻ ബെഞ്ച് ആജീവനാന്ത വിലക്ക് പുനഃസ്ഥാപിച്ചു

2017 നവംബർ

ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചു.

2018 ഫെബ്രുവരി

ശ്രീശാന്തിന്റെ അപ്പീലിൻമേൽ സുപ്രീംകോടതി ബി.സി.സി.ഐയ്ക്ക് നോട്ടീസയച്ചു

2019 മാർച്ച്

അപ്പീലിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റിവച്ചു

2019 ഏപ്രിൽ

സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണും കെ.എം. ജോസഫും ശ്രീശാന്തിന്റെ ശിക്ഷയെക്കുറിച്ച് പുനരാലോചിക്കാൻ ഓംബുഡ്സ്‌മാനോട് ആവശ്യപ്പെട്ടു.

36 വയസിലെത്തിയിരിക്കുന്ന ശ്രീശാന്തിന്റെ കളിക്കാരനെന്ന നിലയിലെ പ്രത്യേകിച്ച് ഫാസ്റ്റ് ബൗളർ എന്ന നിലയിലെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ക്രിക്കറ്റിൽ നിന്ന് ഇനി അധികകാലം ശ്രീശാന്തിനെ മാറ്റി നിറുത്തേണ്ട കാര്യമില്ല. 2013 സെപ്തംബർ 13 ന് ആരംഭിച്ച വിലക്ക് ഏഴ് വർഷത്തേക്ക് നിജപ്പെടുത്തിയിരിക്കുന്നു. അത് നീതിപൂർവകമായിരിക്കും.

ഓംബുഡ്സ്‌മാന്റെ ഉത്തരവിൽ നിന്ന്

ഈ വിധിയിൽ വളരെ സന്തോഷമുണ്ട്. എന്നെങ്കിലും നീതി ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയും 100 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുമെന്ന സ്വപ്നം സഫലമാക്കാൻ പരമാവധി ശ്രമിക്കും. ഈ പോരാട്ടത്തിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.

ശ്രീശാന്ത്

37 വയസായെന്ന് കരുതി ആരെയും ടീം സെലക്ഷനിൽ നിന്ന് മാറ്റി നിറുത്താനാകില്ല. വിലക്ക് കഴിഞ്ഞ് വരുമ്പോൾ ശ്രീശാന്തിന് ഫിറ്റ്‌നസും മികവും തെളിയിക്കാനായാൽ ടീമിലെടുക്കും.

കേരള ക്രിക്കറ്റ് അസോസിയേഷൻ