തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ മലക്കംമറിഞ്ഞ് സർവകലാശാലാ അധികൃതർ. ഉത്തരക്കടലാസല്ല സർവകലാശാലയുടെ മറ്റെന്തോ പേപ്പറാണ് ലഭച്ചതെന്നും, ഉത്തരക്കടലാസ് ലഭിച്ചതായി പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ വി.പി.മഹാദേവൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു.കണ്ടെടുത്ത ഉത്തരക്കടലാസുകളിൽ ഒന്നിൽ ബിരുദ പരീക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ എഴുതിയിരുന്നു. ഇത് സർവകലാശാലയിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജിനു നൽകിയതാണെന്ന് പരീക്ഷാ കൺട്രോളർ സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെയാണ് സർവകലാശാലാ പരീക്ഷയിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യമാണ് വി.സി ഇപ്പോൾ നിഷേധിക്കുന്നത്.
അതേസമയം പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിലും സർവകലാശാല ഒളിച്ചുകളി തുടരുകയാണ്. കഴിഞ്ഞ എട്ടിനു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ശിവരഞ്ജിത്തിന്റെ പി.ജി കോഴ്സ് രജിസ്‌ട്രേഷൻ റദ്ദാക്കുകയും പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നു പേരുടെയും ബിരുദ പരീക്ഷാ പേപ്പറുകൾ പരിശോധിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
ഇവരുടെ മാർക്കുകളിലുള്ള വ്യതിയാനം പരിശോധിക്കുമെന്നാണ് ഇന്നലെ വൈസ്ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പറഞ്ഞത്. പ്രതികളുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചാൽ പരീക്ഷാ തട്ടിപ്പു നടത്തിയെങ്കിൽ അതും പുറത്തുവരും. ഇവരുടെ ബിരുദം സർവകലാശാലയ്ക്ക് റദ്ദാക്കേണ്ടിയും വരും.ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ബിരുദ പരീക്ഷാ മാർക്കിൽ അസ്വാഭാവികമായ വർദ്ധനവുണ്ടായത് നേരത്തെ പുറത്തുവന്നിരുന്നു. പൂജ്യം മാർക്ക് ലഭിച്ച വിഷയങ്ങളിൽ പോലും പിന്നീട് ഉയർന്ന മാർക്ക് നേടിയതായും തെളിഞ്ഞിരുന്നു.