rahane

ആദ്യ ടെസ്റ്റ് നാളെ തുടങ്ങുന്നു

നോർത്ത് സൗണ്ട് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ട് മത്സര പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്ന് ആരാെക്കെയാവും പ്ളേയിംഗ് ഇലവനിലെത്തുക എന്നതാണ് സംസാര വിഷയം. സന്നാഹ മത്സരത്തിൽ അജിങ്ക്യ രഹാനെയും (54) രോഹിത് ശർമ്മയും (68) അർദ്ധ സെഞ്ച്വറികൾ കണ്ടെത്തിയിരുന്നു. ഇവരിൽ ആരെയാണ് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതെന്നതാണ് ക്യാപ്ടനെയും കോച്ചിനെയും അലട്ടുന്നത്. ഇവരിൽ ഒരാളെ ഒഴിവാക്കിയാൽ ഒരു ബൗളറെ അധികം എടുക്കാനാകും എന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്മെന്റ്. മറ്റ് രണ്ട് ഫോർമാറ്റുകളിലും മികവ് കാട്ടുന്ന രോഹിതിന് ടെസ്റ്റിൽ കൂടുതൽ അവസരങ്ങൾ നൽകണമെന്ന അഭിപ്രായമുണ്ട്. അതേ സമയം ടെസ്റ്റ് സ്പെഷ്യലിസ്റ്റായ രഹാനെ ഫോം വീണ്ടെടുത്തതിനാൽ ഒഴിവാക്കരുതെന്നുമുണ്ട്. വിക്കറ്റ് കീപ്പറായി പരിക്ക് മാറിയെത്തിയ സാഹചര്യം മതിയാകുമോ, പുതിയ പ്രതിഭ ഋഷഭ് പന്തിനെ പരീക്ഷിക്കണമോ എന്നതും ടീം മാനേജ്മെന്റിന് ആലോചിക്കാനുണ്ട്.

വിജയിച്ചാൽ കൊഹ്‌ലിക്ക് ധോണിക്ക് ഒപ്പമെത്താം

ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ വിജയം നേടാൻ കഴിഞ്ഞാൽ ക്യാപ്ടനെന്ന നിലയിലെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ വിരാട് കൊഹ്‌ലിക്ക് ധോണിക്കൊ പ്പമെത്താനാകും. ഇതുവരെ ഇന്ത്യയെ നയിച്ച 46 മത്സരങ്ങളിൽ 26 എണ്ണത്തിൽ കൊഹ്‌ലി ജയിച്ചിട്ടുണ്ട്. ധോണി 60 മത്സരങ്ങളിൽ 27 വിജയങ്ങൾ നൽകിയിട്ടുണ്ട്. 2014 ലാണ് ധോണിയിൽ നിന്ന് കൊഹ്‌ലി ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുക്കുന്നത്.