തിരുവനന്തപുരം : സ്വന്തം നാട്ടിൽ ദേശീയ സൗത്ത് സോൺ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് നടക്കുമ്പോൾ മാച്ച് കമ്മീഷണറുടെ കാർക്കശ്യം കൈവിടുന്നില്ലെങ്കിലും ആതിഥേയന്റെ സഹൃദയത്വവുമായി നിറയുകയാണ് ഗണേശൻ നീലകണ്ഠൻ അയ്യർ.
നിസാരക്കാരനല്ല എന്ന 58 കാരൻ. ഇന്റർനാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷന്റെ അമ്പയേഴ്സ് ആൻഡ് റഫറി കമ്മിറ്റിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ തിരുവനന്തപുരത്തുകാരൻ. ഏഷ്യയുടെ ടെക്നിക്കൽ കമ്മിഷണറായി നിയോഗിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
2011ൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജോലി രാജിവച്ചാണ് ഇദ്ദേഹം രാജ്യത്തെ ആദ്യ പ്രൊഫഷണൽ റഫറിയായി മാറിയത്. തുടർന്ന് സൗത്ത് ഏഷ്യൻ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനായും കോമൺവെൽത്ത് ടേബിൾ ടെന്നിസ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
കോളേജ് തലത്തിൽ ടേബിൾ ടെന്നിസ് കളിച്ചിരുന്ന ഗണേശൻ 1982 ലാണ് അമ്പയറിംഗ് രംഗത്തേക്ക് കടന്നുവന്നത്. 1998ൽ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിന്റെ ചീഫ് റഫറിയായിരുന്നു. 2000ൽ സിംഗപ്പൂരിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലൂടെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 2010, 2014 കോമൺവെൽത്ത് ഗെയിംസുകളിലും ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിലും റഫറിയായും കോംപറ്റീഷൻ മാനേജരായും പ്രവർത്തിച്ചു. 2018 ഏഷ്യൻ ഗെയിംസിലെ ടെക്നിക്കൽ കമ്മിഷണറായിരുന്നു.