peyad

മലയിൻകീഴ് : രാഖി കെട്ടാൻ വിസമ്മതിച്ചതിന്റെ പേരിൽ പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്കു നേരെ ആക്രമണം. ഇന്നലെ രാവിലെയാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ചെത്തി വിദ്യാർത്ഥികളുടെ കൈയിൽ നിർബന്ധിച്ച് രാഖി കെട്ടാൻ ശ്രമിച്ചത് ചോദ്യം ചെയ്‌തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ബിലാൽ, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.എഫ്.ഐ വിളപ്പിൽ ഏരിയ വൈസ് പ്രസിഡന്റ് ആദിത്യൻ, സ്കൂൾ യൂണിറ്റ് സെക്രട്ടറി നവനീത്,സി.പി.എം പേയാട് ലോക്കൽ കമ്മിറ്റിയംഗം അനൂപ്ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐയ്ക്ക് സ്വാധീനമുള്ള ഈ സ്കൂളിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം പേയാട് ലോക്കൽ കമ്മിറ്റി അംഗം അനൂപ് ചന്ദ്രൻ ആരോപിച്ചു.