brc

പാറശാല: പാറശാലയിൽ ഉല്ലാസ ഗണിതം അദ്ധ്യാപക ശില്പശാല ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ. ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ അടിസ്ഥാന ഗണിത ആശയങ്ങൾ നേടുന്നതിലെ വെല്ലുവിളി തടയുക എന്ന ലക്ഷ്യത്തോടെതയാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. ഗണിതാശയങ്ങൾ പാഠപുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങളോടൊപ്പം അനായാസമായി കുട്ടികളിലെത്തിക്കും. ഇതിനായി ആകർഷകമായ പഠനോപകരണങ്ങളും കളിരീതികളും തയാറാക്കിയിട്ടുണ്ട്. ഉല്ലാസ ഗണിതത്തിലൂടെ ഗണിതാശയങ്ങൾ കൂട്ടുകാരോടൊപ്പം കളിച്ചു പഠിക്കാനാണ് കുട്ടികൾക്ക് അവസരമൊരുങ്ങുന്നത്. ഇതിനായി അദ്ധ്യാപകർക്കുള്ള പ്രായോഗിക പരിശീലനവും ശില്പശാലയിൽ നൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പ്രത്യേക അദ്ധ്യാപക പരിശീലനങ്ങളും രക്ഷകർതൃ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. കൃഷ്ണകുമാർ പറഞ്ഞു. പാറശാല ബി.ആർ.സിയിൽ നടന്ന ഉല്ലാസ ഗണിതം ശില്പശാലയിൽ അമ്പതോളം അദ്ധ്യാപകർ പങ്കെടുത്തു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, വീണ. ബി.നായർ, ആർ. ഷീബ, ആർ. വിജി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.