നേമം: തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കുന്നതിനും പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനും തുടങ്ങിയ പ്രവർത്തനങ്ങൾ പാതിവഴിയിൽ. രണ്ട് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ച നിർമ്മാണ പ്രവർത്തനങ്ങളിൽ ആദ്യഘട്ടത്തിൽ എസ്റ്റിമേറ്റ് തയാറാക്കുകയും തുക അനുവദിക്കുകയും ചെയ്തു. എന്നാൽ ആദ്യഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടി നാളിതുവരെ ആയിട്ടില്ല. സമയബന്ധിതമായി ഇതിന്റെ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതാണ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകാൻ കാരണമെന്നും ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ചതുമുതൽ മണ്ണിടിച്ച് നിരത്തൽ മാത്രമാണ് നടക്കുന്നത്. ഇപ്പോൾ മഴ പെയ്തതോടെ ചെളിക്കളമായ ഈ വഴിയിലൂടെ ആർക്കും നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ടെർമിനലിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കണമെന്നിരിക്കെ ശരിയായ ആപേക്ഷ റെയിൽവേ അധികൃതർ സർക്കാരിന് സമർപ്പിക്കാൻ കഴിയാത്തതാണ് പണി നീണ്ടുപോകാൻ ഇടയാക്കിയത്.
റെയിൽവേ ആദ്യം നൽകി അതിർത്തി സൂചിപ്പിക്കുന്ന അലൈൻമെന്റ് സ്കെച്ചിൽ 15 ഹെക്ടർ ഭൂമി കൈവശമുള്ളതായാണ് കാണിച്ചത്. അത് തള്ളിയതോടെ പിന്നീട് നൽകിയ സ്കെച്ചിൽ 13.74 ഹെക്ടറായും അതിന് ശേഷം നൽകിയതിൽ 14. 82 ഹെക്ടറായുമാണ് നൽകിയത്. അവസാനത്തെ സ്കെച്ച് ഇക്കഴിഞ്ഞ 8ന് അധികൃതർ റവന്യൂ വകുപ്പിന് കൈമാറി.