ആലുവ: ആയുർവേദ മരുന്നുകൾ വീടുകൾതോറും വില്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ തൂങ്ങിമരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജന്റെ പ്രാഥമികനിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ആലുവ പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാൽപുറമ്പോക്ക് സ്വദേശിനി ജോയ്‌സിയെ (19) ആണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ്. ഇരുകാൽമുട്ടുകളും പൂർണമായി നിലത്തുമുട്ടി വളഞ്ഞ നിലയിലായതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ആരോപിച്ച് അന്ന് തന്നെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്യുന്ന യുവതികളുടെയും പുരുഷന്മാരുടെയും മൊഴിയെടുത്തിരുന്നു. സംശയാസ്പദമായ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും സംശയത്തിന് ഇടനൽകുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ആത്മഹത്യ ചെയ്ത ദിവസം ഉച്ചയ്ക്കും ജോയ്സി പിതാവിനെ ഫോണിൽ വിളിച്ച് പതിവുപോലെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക മനോവിഷമം ഉണ്ടെങ്കിൽ ഇത്തരത്തിൽ ഫോൺവിളി ഉണ്ടാകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അതിനാൽ മണിക്കൂറുകൾക്കിടയിൽ നടന്ന അനിഷ്ടമായ സംഭവം ഏതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ അന്വേഷണം നടത്താനാകൂ. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.ആർ.എസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ജോയ്സി. ആലുവ പറവൂർ കവലയിൽ വി.ഐ.പി ലൈനിൽ സ്ഥാപനം വാടകയ്‌ക്കെടുത്ത് നൽകിയ വീട്ടിലാണ് ജോയ്‌സിയും മൂന്ന് സഹപ്രവർത്തകരും താമസിച്ചിരുന്നത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് ഇവരുടെ ഓഫീസ്. 11 മാസമായി ഇവിടെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന ജോയ്‌സിക്ക് അടുത്തിടെ ജൂനിയർ മാനേജരായി പ്രൊമോഷൻ ലഭിച്ചിരുന്നു.