ഉള്ളൂർ: മദ്യലഹരിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചെത്തി വിദ്യാർത്ഥികളെ അക്രമിക്കുകയും ജനൽ ഗ്ളാസുകൾ തകർക്കുകയും ചെയ്ത മൂന്ന് ജൂനിയർ ഡോക്ടർമാരെ വാർഡന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് പി.ജി കഴിഞ്ഞ് മടങ്ങിയ കൊല്ലം കച്ചേരി സ്വദേശി പബിൻ പയസ്, സെക്യാട്രിക് പി.ജി വിദ്യാർത്ഥി തൃശൂർ മുകുന്ദപുരം സ്വദേശി നിഥിൻ ജോർജ്, ഓർത്തോ പി.ജി വിദ്യാർത്ഥി ആലപ്പുഴ നൂറനാട് സ്വദേശി വിപിൻ. വി. പിള്ള എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പബിൻ പയസ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചെത്തി മൂത്രം ഒഴിച്ചത് മുകൾ നിലയിൽ ഇത് കണ്ടുകൊണ്ടുനിന്ന വിദ്യാർത്ഥി ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് പബിനും സംഘവും ഹോസ്റ്റലിനുള്ളിൽ കയറി അക്രമം ആരംഭിക്കുകയായിരുന്നു. ജനൽ ഗ്ളാസുകൾ തല്ലിതകർത്ത സംഘം കസേരകളും മേശയും തല്ലിയൊടിച്ചു. പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ പലരും അക്രമം കണ്ട് ഇറങ്ങിയോടി.
ഫോൺചെയ്തുകൊണ്ടുനിന്ന എം.ബി.ബി.എസ് വിദ്യാർത്ഥിയുടെ തല പിടിച്ച് ചുവരിൽ ഇടിച്ചു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ ഹോസ്റ്റൽ വാർഡന് നേരെയും ഇവർ കൈയ്യേറ്റത്തിന് മുതിർന്നു. തുടർന്ന് ഹോസ്റ്റൽ വാർഡൻ മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.