തിരുവനന്തപുരം: നിർമ്മാണത്തിന് മണ്ണെടുക്കുന്നതിനിടെ സമീപത്തെ പുരയിടത്തിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. ശ്രീകാര്യം കല്ലമ്പള്ളി കരുമ്പുകോണം ദേവീക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. തിരുമല പുന്നയ്ക്കാമുകൾ സ്വദേശി രാജനാണ് (35) പരിക്ക് പറ്റിയത്. മതിലിനോട് ചേർന്ന് കോൺക്രീറ്റ് ഇടാനായി മണ്ണെടുക്കുന്നതിനിടെയാണ് മതിലിടിഞ്ഞത്. സമീപത്തുണ്ടായിരുന്ന ഏഴടിയോളം ആഴമുള്ള പില്ലറിന്റെ കുഴിയിലേക്ക് വീണ യുവാവിന്റെ മുകളിലേക്ക് കല്ലും മണ്ണും വീഴുകയായിരുന്നു. യുവാവിന്റെ തലയൊഴികെയുള്ള ഭാഗം പൂർണമായും മണ്ണിനടിയിൽപ്പെടുകയും ചെയ്തു. ഇയാളുടെ കൂടെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. തലമണ്ണിനടിയിൽപ്പെടാതിരിക്കാൻ ഉടൻ തന്നെ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള ശ്രമമായി. വിവരമറിഞ്ഞെത്തിയ ശ്രീകാര്യം പൊലീസും ചെങ്കൽചൂള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇരുപത് മിനുട്ടോളം പരിശ്രമിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മതിലിന്റെ കല്ല് തലയിൽ വീണ് യുവാവിന്റെ തലയ്ക്ക് പരിക്കേറ്രിരുന്നു. യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, ചെങ്കൽച്ചൂള ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അശോക്‌കുമാർ, ലീഡിംഗ് ഫയർ ഓഫീസർ ജയകുമാർ, കഴക്കൂട്ടം ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ജെ. ജിഷാദ്. കഴക്കൂട്ടം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പി. മധു, എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.