കല്ലമ്പലം: മികച്ച പഠനാന്തരീക്ഷം വിദ്യാർത്ഥികളുടെ പഠനത്തെ മെച്ചപ്പെടുത്തുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ നാവായിക്കുളത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾ മൂക്കു പൊത്തിയിരുന്ന് പഠിക്കേണ്ട ഗതികേടിലാണിപ്പോൾ. നാവായിക്കുളത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ചന്ത സമീപത്തെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെയും ഗവ. എൽ.പി.എസിലെയും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. രാവിലെ സ്കൂളിൽ കുട്ടികളെത്തുന്ന സമയത്തുതന്നെയാണ് ഇവിടെ ചന്ത പ്രവർത്തിക്കുന്നത്. ബഹളവും ദുർഗന്ധവും തിരക്കുമെല്ലാം ചേർന്ന് കുട്ടികളുടെ സ്വസ്ഥമായ പഠനാന്തരീക്ഷം തകർക്കുന്നുവെന്നാണ് പരാതി.
വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ ചന്ത കൂടുന്ന സമയത്തിൽ നേരിയ വ്യത്യാസം വരുത്തിയെന്നതല്ലാതെ ഒരു മാറ്റവും സംഭവിച്ചില്ല. സമീപ സ്ഥലങ്ങളായ മുക്കുകട, എതുക്കാട്, ഇരുപത്തെട്ടാംമൈൽ തുടങ്ങി മൂന്നിടത്ത് ചന്ത പല സമയങ്ങളിലായി പ്രവർത്തനം ഉള്ളപ്പോൾ സ്കൂൾ പരിസരത്തെ ചന്ത നിറുത്തലാക്കണമെന്നാണ് ആവശ്യം. ചന്ത കഴിഞ്ഞ് മത്സ്യ മാലിന്യങ്ങളും അഴുകിയ മത്സ്യവും അവിടെ തന്നെ ഉപേക്ഷിച്ച് മത്സ്യ വ്യാപാരികൾ പോകുന്നതിനാൽ ദുർഗന്ധം മൂലം വിദ്യാർത്ഥികൾ പൊറുതി മുട്ടുകയാണ്. മാലിന്യം ഭക്ഷിക്കാനായി കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനും വിദ്യാർത്ഥികൾ ഇരയാകാറുണ്ട്. ചന്ത തുടങ്ങുമ്പോൾ റോഡിന്റെ ഒരുവശം മത്സ്യവ്യാപാരികളും മറുവശം വഴിയോര കച്ചവടക്കാരും ശേഷിക്കുന്ന ഭാഗം തെരുവ് നായ്ക്കളും കൈയേറും. ഇതുകൂടാതെ റോഡിൽ മത്സ്യവും മറ്റും വാങ്ങാൻ വരുന്നവരുടെ തിക്കും തിരക്കും കൂടിയാകുമ്പോൾ വളരെ സാഹസികമായി വേണം വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ. മീൻവണ്ടിയുമായി അമിത വേഗതയിൽ വരുന്ന ബൈക്കുകളിടിച്ച് വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വിദ്യാർത്ഥികൾ അടിക്കടി അപകടത്തിന് ഇരയാകുന്നത് ആശങ്കാജനകമാണെന്നും, ഇവിടെ ചന്ത കൂടുന്നത് നിറുത്തലാക്കി അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ബുദ്ധിമുട്ടുന്നത് 2500 ലധികം വിദ്യാർത്ഥികൾ
കഴിഞ്ഞ 6 മാസത്തിനിടയിൽ 20തോളം അപകടങ്ങൾ
അപകടത്തിൽപ്പെടുന്നത് കൂടുതലും വിദ്യാർത്ഥികൾ
മത്സ്യ മാലിന്യങ്ങളും അഴുകിയ മത്സ്യവും ഇവിടെ തന്നെ ഉപേക്ഷിക്കുന്നു
തെരുവ് നായ ശല്യം രൂക്ഷം